കണ്ണൂർ: കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ ഗോവിന്ദന്റെ ആരോപണങ്ങളെ തള്ളി സിപിഎം. തളിപ്പറമ്പിലേക്ക് പി.കെ ശ്യാമളയ്ക്ക് പുറമേ പരിഗണിച്ച പേരുകള്‍ മേല്‍കമ്മറ്റിയിലേക്ക് അയച്ചില്ലെന്ന ആരോപണം വ്യാജമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് വിശദീകരിച്ചു.
തളിപ്പറമ്പിൽ മത്സരിക്കാനുള്ള മോഹത്തെ തുടർന്ന് എതിരാളികളുടെ പ്രചാരണം ഏറ്റെടുത്താണ് ടി.കെ ഗോവിന്ദൻ പാർട്ടി സ്ഥാനാർഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥി ആയതെന്നാണ് സിപിഎം നിലപാട്. പി.കെ ശ്യാമള അല്ലെങ്കിലും ഗോവിന്ദൻ ഇതേ നിലപാട് സ്വീകരിക്കുമായിരുന്നു. കെപിസിസി പ്രസിഡൻ്റ് അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയാണ് ടി.കെ. ഗോവിന്ദൻ്റെ നീക്കങ്ങളെന്നും സിപിഎം നേതൃത്വം ആരോപിച്ചു.
സ്ഥാനാർഥി നിർണയ ഘട്ടത്തിൽ ജില്ലാ സെക്രട്ടേറിയേറ്റിൽ ടി.കെ ഗോവിന്ദൻ സ്വന്തം പേര് പറഞ്ഞെങ്കിലും മറ്റൊരാളുടെയും പിന്തുണച്ചില്ല. എം. വി ഗോവിന്ദനും പി.കെ ശ്യാമളയ്ക്കും എതിരെ ടി.കെ ഗോവിന്ദൻ ഉന്നയിച്ച ആരോപണങ്ങളെയും നേതൃത്വം തള്ളിക്കളഞ്ഞു. ആരുടേയും ബന്ധുത്വം നോക്കിയല്ല സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. സംസ്ഥാന സെക്രട്ടറിയ്ക്ക് പങ്കില്ല.ജില്ലാ കമ്മിറ്റിയിൽ ടി.കെ ഗോവിന്ദൻ മാഷിന്റെ പേര് ആരും പറഞ്ഞിട്ടില്ല. 40 വർഷക്കാലത്തെ പാർട്ടി ജീവിതമുള്ളയാളാണ് ശ്യാമള ടീച്ചറെന്നും രാഗേഷ് പറഞ്ഞു.

0 Comments