കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിന് ജില്ലയില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ നടപടികള്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടര്‍മാരുടെ മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ ആകെ 6,42,693 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3,28,525 സ്ത്രീകളും 3,14,165 പുരുഷന്മാരും, മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടും. ജില്ലയിലാകെ 715 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. മാനന്തവാടി മണ്ഡലം: 237, കല്‍പറ്റ: 227, സുല്‍ത്താന്‍ ബത്തേരി: 251. ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഓരോ നിയമസഭാ മണ്ഡലത്തിനും പ്രത്യേക വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ സെന്റ് പാട്രിക്‌സ് സ്‌കൂള്‍, കല്‍പറ്റ നിയോജക മണ്ഡലത്തില്‍ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ സെന്റ് മേരീസ് കോളേജ് എന്നിവ വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

0 Comments