'പ്രധാനമന്ത്രി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു, നടപടിയെടുക്കണം'; ടി.എൻ പ്രതാപൻ സുപ്രിംകോടതിയിൽ

 



ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, ദൂരദർശനിലൂടെ രാഷ്ട്രീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ സുപ്രിംകോടതിയിൽ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം പ്രതാപൻ റിട്ട് ഹരജി ഫയൽ ചെയ്തത്.


ഏപ്രിൽ 18-ന് ദൂരദർശനിലൂടെ നടത്തിയ പ്രസംഗത്തിൽ സർക്കാർ സംവിധാനങ്ങളും ജനങ്ങളുടെ നികുതിപ്പണവും പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ, ഔദ്യോഗിക മാധ്യമത്തിലൂടെ കോൺഗ്രസ്, ടിഎംസി, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് വിമർശിച്ചത് ചട്ടലംഘനമാണെന്നും പ്രതാപൻ ആരോപിച്ചു. 'വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നിസ്സംഗത തുടരുകയാണ്. ജനാധിപത്യം ഉറപ്പുനൽകുന്ന തുല്യമായ അവസരങ്ങൾ അട്ടിമറിക്കാനാണ് ഭരണകൂടശ്രമം. പ്രധാനമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണം'. ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.


അഭിഭാഷകരായ സുവിദത്ത് സുന്ദരം, രാഖേഷ് ശർമ്മ എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചത്. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു പ്രധാനമന്ത്രി വിവാദമായ രാഷ്ട്രീയ പരാമർശങ്ങൾ നടത്തിയത്.

Post a Comment

0 Comments