പശ്ചിമേഷ്യൻ സംഘർഷം! പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്രം ഒഴിവാക്കി

 

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി പ്രധാനപ്പെട്ട പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ജൂൺ 30 വരെയാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാനും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാനും ഈ നടപടി സഹായിക്കും. പ്ലാസ്റ്റിക്, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമോട്ടീവ് തുടങ്ങിയ ഉത്പാദന മേഖലകൾക്ക് കേന്ദ്രത്തിന്റെ ഈ നീക്കം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 149 രൂപ എന്ന നിരക്കിലേക്ക് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, ആഭ്യന്തര വിപണിയിലെ ഇന്ധനവില പിടിച്ചുനിർത്താൻ എക്സൈസ് നികുതിയിലും സർക്കാർ വൻ കുറവ് വരുത്തിയിട്ടുണ്ട്. പെട്രോളിന്റെ നികുതി ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയാക്കി കുറച്ചു.

ഇറക്കുമതി തീരുവ കുറയ്ക്കുന്നതിലൂടെ അസംസ്‌കൃത വസ്തുക്കളുടെ ചിലവ് കുറയുന്നത് ഉത്പന്നങ്ങളുടെ അന്തിമ വിലയിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ഉണ്ടായേക്കാവുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനും സാധാരണക്കാർക്ക് ഇന്ധനവില വർധനവിൽ നിന്ന് ആശ്വാസം നൽകാനുമാണ് കേന്ദ്രസർക്കാർ ഇത്തരം അടിയന്തര നടപടികളിലേക്ക് നീങ്ങിയത്. വരും ദിവസങ്ങളിൽ വിപണിയിൽ ഇതിന്റെ ഗുണഫലങ്ങൾ പ്രകടമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

Post a Comment

0 Comments