തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത കമ്മീഷൻ, ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. അധ്യാപകരിൽ നിന്നേറ്റ ക്രൂരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് വിദ്യാർഥിയുടെ മരണത്തിന് കാരണമെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.
തിരുവനന്തപുരം ഉഴമലയ്ക്കൽ കൊറ്റാമല സ്വദേശിയായ നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളി ലതയുടെയും മകനാണ് നിതിൻ. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധ്യാപകർ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും 'തെരുവ് പട്ടി' എന്ന് വിളിച്ച് അപമാനിച്ചിരുന്നതായും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉഴമലയ്ക്കലിലെ വീട്ടിലെത്തിച്ച നിതിന്റെ മൃതദേഹത്തിൽ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്
.jpeg)
0 Comments