യുദ്ധഭീതി ഒഴിഞ്ഞു; കത്തിക്കയറി സ്വര്‍ണവില

 

കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താത്കാലിക ഇടവേളയായതോടെ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. പവന് 2920 രൂപ വര്‍ധിച്ച് 1,12,800 രൂപയായി. ഗ്രാമിന് 365 രൂപ വര്‍ധിച്ച് 14,100 രൂപയുമായി. ഇന്നലെ 1,09,880 രൂപയായിരുന്നു പവന്‍ വില.

ഇറാനും യുഎസും തമ്മില്‍ താത്കാലിക വെടിനിര്‍ത്തലിന് ധാരണയായതാണ് സ്വര്‍ണവില ഉയര്‍ത്തിയത്. വെടിനിര്‍ത്തലിന് പിന്നാലെ അസംസ്‌കൃത എണ്ണവില വന്‍തോതില്‍ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് 13 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 94 ഡോളര്‍ എന്ന നിലയിലാണ്.

ആഗോളവിപണിയില്‍ സ്വര്‍ണവില മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 4809 ഡോളര്‍ എന്ന നിലയിലെത്തി. വെള്ളി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 76.47 എന്ന ഡോളറിലാണ് വ്യാപാരം.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില കുതിപ്പ് നടത്തിയിരുന്നെങ്കിലും പിന്നീട് അസംസ്‌കൃത എണ്ണവില ഉയര്‍ന്നതോടെ സ്വര്‍ണം ഇടിഞ്ഞു. ഒരു ഘട്ടത്തില്‍ പവന് ലക്ഷത്തിനും താഴേക്ക് പോയ ശേഷമാണ് വീണ്ടും ഉയര്‍ന്നത്.

Post a Comment

0 Comments