എയർ ഇന്ത്യ സിഇഒ കാംപ്‌ബെൽ വിൽസൺ രാജിവെച്ചെന്ന് റിപ്പോർട്ട്; പടിയിറക്കം ഒരുവർഷം കൂടി ബാക്കിനിൽക്കെ


ന്യൂഡൽഹി: എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ(സിഇഒ) കാംപ്‌ബെൽ വിൽസൺ രാജിവെച്ചതായി റിപ്പോർട്ട്. 2027 ജൂലായ് വരെ കാലാവധിയിരിക്കെയാണ് കാംപ്‌ബെൽ വിൽസൺ എയർ ഇന്ത്യയുടെ പടിയിറങ്ങുന്നത്. അതേസമയം, എന്താണ് രാജിക്ക് കാരണമെന്നോ രാജിസംബന്ധിച്ച സ്ഥിരീകരണമോ ഇതുവരെ ലഭ്യമല്ല.

2022-ലാണ് കാംപ്‌ബെൽ വിൽസൺ എയർ ഇന്ത്യയുടെ സിഇഒയായും മാനേജിങ് ഡയറക്ടറായും നിയമിതനായത്. അഞ്ചുവർഷത്തേക്കായിരുന്നു നിയമനം. വ്യോമയാന മേഖലയിൽ മൂന്നുപതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം വിവിധ രാജ്യങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. എയർഇന്ത്യയിൽ ചേരുന്നതിന് മുൻപ് സിങ്കപ്പുർ എയർലൈൻസിന് കീഴിലുള്ള 'സ്‌കൂട്ടി'-ന്റെ സിഇഒയായിരുന്നു അദ്ദേഹം.

1996-ൽ ന്യൂസിലാൻഡിൽ മാനേജ്‌മെന്റ് ട്രെയിനിയായിട്ടാണ് സിങ്കപ്പുർ എയർലൈൻസിൽ കാംപ്‌ബെല്ലിന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് കാനഡ, ഹോങ്കോങ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലായി സിങ്കപ്പുർ എയർലൈൻസിൽ വിവിധ പദവികൾ വഹിച്ചു. 2011-ലാണ് സ്‌കൂട്ടിന്റെ സിഇഒ പദവിയിലെത്തിയത്. 2016 വരെ സിഇഒയായി തുടർന്നു. പിന്നീട് സിങ്കപ്പുർ എയർലൈൻസിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ് വൈസ് പ്രസിഡന്റായി. ഇതിനുശേഷം 2020-ൽ അദ്ദേഹം വീണ്ടും സ്‌കൂട്ടിന്റെ സിഇഒ പദവിയിൽ തിരിച്ചെത്തി.

Post a Comment

0 Comments