കൊച്ചി: ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു. ഗ്യാസ് കയറ്റിയ ലോറി അലക്ഷ്യമായി വലത്തേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് അപകടം. പുറയാര്‍ ഗാന്ധിപുരം മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്.
ഇടപ്പള്ളിയിലേക്ക് പോയ അശ്വിന്റെ ബൈക്കില്‍ നന്ദന ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു നന്ദന. ആലുവയില്‍ നിന്നും ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്നു ബൈക്ക്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോള്‍ പിന്നില്‍ നിന്നും വന്ന ബൈക്കില്‍ തട്ടിയാണ് അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് പിന്നാലെ വന്ന കാര്‍ ഇടിച്ച് മറിഞ്ഞു. റോഡില്‍ തലയടിച്ച് വീണതാണ് നന്ദനയുടെ മരണത്തിനിടയാക്കിയത്.
ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിന്‍ ആന്റണി(22)യെ പരിക്കുകളോടെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.30 ന് അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയില്‍ ടിപ്പ് ടോപ്പ് ഫര്‍ണിച്ചര്‍ ഷോപ്പിന് എതിര്‍വശത്തായിരുന്നു അപകടം.
അബോധാവസ്ഥയിലായി പോയ നന്ദനയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും 12.25-ഓടെ മരിച്ചു. അത്താണി നീരജ എയര്‍ലൈന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയാണ് നന്ദന.
പിതാവ്: ഹരിപ്രദാസ് (സെന്‍ട്രല്‍ ജി.എസ്.ടി. ഓഫീസില്‍ ജീവനക്കാരനാണ്). മാതാവ്: സാന്റി (ശ്രീമൂലനഗരം പി.എച്ച്.സി.യില്‍ നഴ്‌സ്). സഹോദരി: നിവേദ്യ. മൃതദേഹം ചൊവ്വാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

0 Comments