തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവിനെതിരെ പോക്സോ കേസെടുത്തതോടെ വെട്ടിലായി വിവാഹത്തിന് കാർമികത്വം വഹിച്ച സിപിഎം നേതാക്കള്‍. റിയൽ കേരള സ്റ്റോറി എന്ന് പറഞ്ഞ് അന്ന് വിവാഹത്തിന് നേതൃത്വം നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറിയും മന്ത്രി ശിവൻകുട്ടിയും എംപി റഹീമും ഇപ്പോൾ മിണ്ടുന്നില്ല. അതേസമയം, വിവാഹ സമയത്ത് യുവതിയുടെ ഭർത്താവ് പൊലീസിന് മുന്നിൽ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞു. ഈ സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിരുന്നു. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയ്ക്ക് വിവാഹ സമയത്ത് 16 വയസ് മാത്രമായിരുന്നു പ്രായമെന്ന് കണ്ടെത്തിയത്. കമ്മീഷൻ അന്വേഷണത്തിൽ കണ്ടെത്തിയ ജനന സർട്ടിഫിക്കറ്റിൽ 2009 ഡിസംബർ 30 ആണ് പെണ്‍കുട്ടിയുടെ ജനനത്തീയതി.
വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി. വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തല്‍. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി.

0 Comments