മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വോട്ട് ചെയ്യാൻ കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം

 


കൽപ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരായ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ദുരന്തബാധിത പ്രദേശത്തെ 700 ഓളം പേരാണ് വാഹന സൗകര്യം ഉപയോഗപ്പെടുത്തുക. ഏപ്രില്‍ ഒന്‍പതിന് എട്ട് ബസുകളിലായി രാവിലെ 11നും ഉച്ചയ്ക്ക് 2.30 നും സര്‍വീസുകള്‍ നടത്തും.

രാവിലെ 11ന് കല്‍പറ്റ സിവില്‍ സ്റ്റേഷന്‍, പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, വടുവന്‍ചാല്‍, വൈത്തിരി, മീനങ്ങാടി, മേപ്പാടി, കാരപ്പുഴ എന്നിവിടങ്ങളില്‍ നിന്നും ചൂരല്‍മല പോളിങ് കേന്ദ്രത്തിലേക്ക് ബസ് സര്‍വീസുകള്‍ പുറപ്പെടും. ഉച്ചയ്ക്ക് രണ്ടിന് കണിയാമ്പറ്റ, കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ്, കാപ്പംകൊല്ലി, തിനപ്പുരം, മേപ്പാടി ടൗണ്‍, നെടുംമ്പാല അമ്പലം എന്നിവിടങ്ങളില്‍ നിന്നും ബസ് സര്‍വീസുകള്‍ പുറപ്പെടും.

വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി തിരികെ മടങ്ങാനുള്ള വിധത്തിലാണ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് നോഡല്‍ ഓഫീസര്‍ വി.ടി ഘോളി അറിയിച്ചു.

Post a Comment

0 Comments