യുഎസില്‍ സൂക്ഷിച്ച കരുതല്‍ സ്വര്‍ണ ശേഖരം പൂര്‍ണമായി പിന്‍വലിച്ച് ഫ്രാന്‍സ്; നേടിയത് കോടികളുടെ ലാഭം

 



പാരീസ്: യുഎസില്‍ സൂക്ഷിച്ചിരിക്കുന്ന തങ്ങളുടെ കരുതല്‍ സ്വര്‍ണശേഖരം പിന്‍വലിച്ച് ഫ്രാന്‍സ്. 129 ടണ്‍ സ്വര്‍ണമാണ് ഫ്രാന്‍സ് പിന്‍വലിച്ചത്. സ്വര്‍ണവില വന്‍തോതില്‍ ഉയര്‍ന്ന സമയത്ത് നടത്തിയ ഈ നീക്കത്തിലൂടെ 12.8 ബില്യണ്‍ യൂറോയാണ് ഫ്രാന്‍സിന് ലാഭം.

ഫ്രാന്‍സിന്റെ കേന്ദ്ര ബാങ്കായ ബാങ്ക് ഡി ഫ്രാന്‍സിന്റെ കരുതല്‍ സ്വര്‍ണ ശേഖരത്തിന്റെ അഞ്ച് ശതമാനമാണ് യുഎസിലെ ഫെഡറല്‍ റിസര്‍വിന്റെ രഹസ്യ നിലവറകളില്‍ സൂക്ഷിച്ചിരുന്നത്. 1920കളുടെ അവസാനം മുതല്‍ സൂക്ഷിക്കാന്‍ തുടങ്ങിയ സ്വര്‍ണമാണിത്.

സ്വര്‍ണം ഫ്രാന്‍സിലേക്ക് നേരിട്ട് കൊണ്ടുവരുന്ന ചെലവേറിയ പ്രക്രിയക്ക് പകരം അവിടെ തന്നെ വില്‍ക്കുകയാണ് ഫ്രാന്‍സ് ചെയ്തത്. പകരമായി ഫ്രാന്‍സില്‍ യൂറോപ്യന്‍ വിപണിയില്‍ നിന്ന് തത്തുല്യമായ പുതിയ സ്വര്‍ണക്കട്ടികള്‍ വാങ്ങി കരുതല്‍ ശേഖരത്തിലേക്ക് ചേര്‍ക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണശേഖരം ഉള്ള നാലാമത്തെ രാജ്യമാണ് ഫ്രാന്‍സ്. ഏകദേശം 2437 ടണ്‍ സ്വര്‍ണമാണ് ഫ്രാന്‍സിന്റെ കരുതല്‍ ശേഖരം.

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയെന്ന നിലയിലാണ് വിദേശരാജ്യങ്ങള്‍ തങ്ങളുടെ സ്വര്‍ണം സൂക്ഷിക്കാന്‍ യുഎസിനെ ഏല്‍പ്പിക്കുന്നത്. 30 ഓളം രാജ്യങ്ങളുടെ 6300 ടണ്‍ സ്വര്‍ണം യുഎസിന്റെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിലവറകളില്‍ സൂക്ഷിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍, ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഡോണള്‍ഡ് ട്രംപിന്റെ നിലപാടു മാറ്റങ്ങളും പരിഗണിച്ച് സ്വര്‍ണം എത്രയും വേഗം തിരികെ എത്തിക്കുന്നതാണ് നല്ലതെന്ന് പല രാജ്യങ്ങളിലും അഭിപ്രായം ഉയരുന്നുണ്ട്.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ രഹസ്യ അറകളില്‍ സൂക്ഷിച്ചിരിക്കുന്ന ടണ്‍ കണക്കിന് സ്വര്‍ണം തിരികെ കൊണ്ടുവരണമെന്ന് ജര്‍മനിയില്‍ ഈയിടെ ആവശ്യമുയര്‍ന്നിരുന്നു. ജര്‍മനിയിലെ ജനപ്രതിനിധികളും സാമ്പത്തിക വിദഗ്ധരുമാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്

Post a Comment

0 Comments