ചൈനയും റഷ്യയും വീറ്റോ ചെയ്തു; ഹോര്‍മുസ് തുറക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ പരാജയപ്പെട്ടു

 



ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ഇറാനോട് ആവശ്യപ്പെടുന്ന കരട് പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ പരാജയപ്പെട്ടു. റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെയാണ് പ്രമേയം പരാജയപ്പെട്ടത്. യുഎസ് ഉള്‍പ്പെടെ കൗണ്‍സിലിലെ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ പാകിസ്താനും കൊളംബിയയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബഹ്‌റൈനാണ് പ്രമേയം കൊണ്ടുവന്നത്.

സമ്മര്‍ദം ഉപയോഗിച്ച് ഹോര്‍മുസ് തുറക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് വീറ്റോ അധികാരമുള്ള അംഗങ്ങളായ ചൈനയും റഷ്യയും പ്രമേയത്തെ എതിര്‍ത്തത്. ഇതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. ഒരു നാഗരികത ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണി മുഴക്കുന്ന ട്രംപിനെ പിന്തുണക്കുന്ന പ്രമേയം പാസാകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൈന ചൂണ്ടിക്കാട്ടി.

പ്രമേയം പരാജയപ്പെട്ടത് ഷിപ്പിങ് രംഗത്ത് വന്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ബഹ്‌റൈന്‍ അഭിപ്രായപ്പെട്ടു. കപ്പല്‍ സഞ്ചാരം ആര്‍ക്കും എവിടെയും തടയാമെന്ന തെറ്റായ സന്ദേശം നല്‍കുമെന്നും ബഹ്‌റൈന്‍ ചൂണ്ടിക്കാട്ടി. ഇറാനിലെ മര്‍ദക ഭരണകൂടത്തിനുള്ള റഷ്യയുടെയും ചൈനയുടെയും തുറന്ന പിന്തുണയാണ് രക്ഷാസമിതിയില്‍ കണ്ടതെന്ന് യുഎസ് കുറ്റപ്പെടുത്തി

Post a Comment

0 Comments