കൊട്ടിയൂർ : ഈ വർഷത്തെ വൈശാഖ ഉത്സവത്തിന് വൻ ഭക്‌ത ജനതിരക്ക് ഉണ്ടാകുമെന്ന് ഉറപ്പായിട്ടും കൊട്ടിയൂരിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മണത്തണ മുതൽ അമ്പായത്തോട് വരെ റോഡിൻ്റെ ഇരു വശത്തും ഡ്രയ്നേജുകൾ നിർമിക്കണമെന്നും കാൽനട യാത്രക്കാർക്ക് സൗകര്യപ്രദമായി സഞ്ചരിക്കാൻ ഫുട്‌പാത്ത് ഒരുക്കണമെന്നും കഴിഞ്ഞ ഉത്സവ കാലത്ത് തന്നെ ആവശ്യപ്പെട്ടിരുന്നു.
ജില്ലാ കലക്‌ടർ അടക്കമുള്ളവർ പങ്കെടുത്ത യോഗങ്ങളിൽ കൊട്ടിയൂർ പഞ്ചായത്ത് തന്നെ ഇക്കാര്യം പല തവണ രേഖാമൂലം ആവശ്യപ്പെട്ടിരുന്നതുമാണ്. ഈ വർഷത്തെ ഉത്സവം ആരംഭിക്കാൻ ഇനി ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. എന്നിട്ടും ഫുട്‌പാത്ത് നിർമിക്കേണ്ട ഭാഗത്തെ കാട് നീക്കാൻ പോലും പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഏറ്റവും അത്യാവശ്യ മേഖലയായ ചുങ്കക്കുന്ന് വെങ്ങലോടി മുതൽ ഭവാനിക്കുന്ന് വരെയുള്ള ഭാഗത്തെ കാനകളിലെ മണ്ണ് നീക്കം ചെയ്‌ത് മഴവെള്ളം ഒഴുകി പോകുന്നതിനാവശ്യമായ സൗകര്യം ഒരുക്കണമെന്നും ഫുട്പാത്ത് നിർമിക്കേണ്ട ഭാഗത്ത് ജനങ്ങൾക്ക് നടന്നു പോകുന്നതിനായി താൽക്കാലികമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ചേംബർ ഓഫ് കൊട്ടിയൂർ ആവശ്യപ്പെട്ടു.
ഗതാഗത തടസ്സം ഉണ്ടാക്കുന്ന വിധം റോഡിലൂടെ കാൽനട യാത്രക്കാർ നടന്നു പോകുന്നത് ഒഴിവാക്കാൻ ഉത്സവ സ്‌ഥലത്ത് ഫുട്പാത്തിലേക്ക് ഇറക്കി സ്‌റ്റാളുകൾ നിർമിക്കുന്നത് തടയണം. ഫുട്പാത്തിൽ നിന്നും നിശ്ചിത അകലത്തിൽ മാത്രം സ്‌റ്റാളുകൾ അനുവദിക്കുകയും താൽക്കാലികമായി ബാരിക്കേഡുകളും കൈവരികളും സ്‌ഥാപിച്ച് കാൽനട യാത്രക്കാർ റോഡിലൂടെ നടക്കുന്നത് നിയന്ത്രിക്കുകയും ചെയ്യണം. റോഡ് മുറിച്ചു കടക്കുന്നതിന് സൗകര്യപ്രദമായ ഭാഗങ്ങളിൽ താൽക്കാലിക മേൽപാലങ്ങൾ സ്‌ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജോയ് ജോസഫ് അധ്യക്ഷനായിരുന്നു. ഷാജി തോമസ്, സന്തോഷ് കുമാർ വെളിയത്ത്,വി.എ.നിഷാദ്, എം.എം.സണ്ണി, കെ.എസ്. അനിൽകുമാർ, എം.സുജിത്ത്, പി.എസ്.സിബിച്ചൻ പ്രസംഗിച്ചു.
.jpeg)
0 Comments