ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം വലിയ വിവാദങ്ങൾക്കും നിയമനടപടികൾക്കും വഴിവെച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ സന്നിധാനത്തെ അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച ഹെലികോപ്റ്റർ, ക്ഷേത്രത്തിലെ കൊടിമരത്തിനും സോപാനത്തിനും തൊട്ടടുത്തെത്തി വേഗത കുറച്ച് പറന്നത് കടുത്ത സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. നിലയ്ക്കലും പമ്പയും സന്നിധാനവും അതീവ സുരക്ഷാ പരിധിയിൽ വരുന്ന സ്ഥലങ്ങളാണെന്നിരിക്കെ, മുൻകൂർ അനുമതിയില്ലാതെ നടന്ന ഈ വ്യോമയാനം പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ഉൾപ്പെടെ ദൃശ്യങ്ങൾ പകർത്തിയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
സംഭവം വിവാദമായതോടെ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിനോട് റിപ്പോർട്ട് തേടുകയും ഗൗരവകരമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. നിലവിൽ പമ്പ പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ, കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഇത്തരത്തിൽ താഴ്ന്നു പറക്കേണ്ടി വന്നതെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിശദീകരണം. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നും, റഡാർ സംവിധാനമില്ലാതെ ജിപിഎസ് ഉപയോഗിച്ചാണ് ഹെലികോപ്റ്റർ പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി. മുൻപ് മറ്റ് സേനാ വിഭാഗങ്ങളൊന്നും അനുമതിയില്ലാതെ ഇത്തരത്തിൽ നിരീക്ഷണം നടത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ, അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അധികൃതർ.

0 Comments