കോഴിക്കോട്: വിവിപാറ്റ് എണ്ണണമെന്ന ആവശ്യവുമായി കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥികള്‍. മെറ്റീരിയല്‍ റൂം തുറന്ന കോഴിക്കോട്ടെ വോട്ടെണ്ണൽ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആറ് മണ്ഡലങ്ങളിലെയും വിവിപാറ്റ് സ്ലിപുകള്‍ എണ്ണണമെന്നാണ് ആവശ്യം.
പേരാമ്പ്ര, കൊയിലാണ്ടി, കോഴിക്കോട് സൌത്ത് ഉള്‍പ്പെടെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ആവശ്യം ഉന്നയിച്ചത്. സ്ഥാനാർഥികള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നല്കി.
പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നതായി യുഡിഎഫ് നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവിപാറ്റ് എണ്ണണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജെഡിടി സ്കൂളിലാണ് സ്‌ട്രോങ് റൂം പ്രവർത്തിക്കുന്നത്.
എന്നാൽ, സാമഗ്രികൾ വെക്കാനായി മെറ്റീരിയൽ റൂം മാത്രമാണ് തുറന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർഥികളുടെ ഏജൻറ് മാരുടെ സാന്നിധ്യത്തിൽ തുറന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചിരുന്നു.
ഏത് റൂം തുറന്നാലും അത് ഗുരുതരമായ വീഴ്ചയാണെന്നാണ് യുഡിഎഫ് വാദം. സംഭവത്തിൽ അന്വേഷണം ആവശ്യമാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.

0 Comments