കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അധ്യാപകർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റി. കുടുംബത്തിൻ്റെ ഭാഗം കൂടി കേൾക്കാനാണ് തീരുമാനം.
സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ ജില്ലാ കോടതി (നാല്) ജഡ്ജി ജെ.വിമൽ മുമ്പാകെയാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത്. നിതിൻ രാജിന്റെ അച്ഛൻ രാജന് ഹാജരാകാൻ പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരം നോട്ടീസ് നൽകിയിരുന്നു. ഡോ. എം.കെ.റാമിന് സംഭവത്തിൽ പങ്കില്ലെന്നാണ് പ്രതിഭാഗം ആരോപണം. റാം കർണാടകയിലെ പട്ടികവർഗവിഭാഗമായ ബജന്ത്രി വിഭാഗത്തിൽപ്പെട്ടതാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. അറസ്റ്റ് ചെയ്താൽ പീഡനത്തിനിരയാകാൻ സാധ്യതയുണ്ടെന്നാണ് രണ്ടാം പ്രതി ഡോ. സംഗീതയുടെ മുൻകൂർ ജാമ്യാപേക്ഷയിലുള്ളത്.
നിതിൻ രാജിന്റെ കുടുംബം ഇന്നലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് സന്ദർശിച്ചിരുന്നു. മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് സന്ദർശനത്തിന് ശേഷം കുടുംബം ആരോപിച്ചു.
നിതിൻ രാജിൻ്റെ അച്ഛനും സഹോദരിയും ഭർത്താവും അടങ്ങിയ കുടുംബം പതിനൊന്നരയോടെ ആണ് കാമ്പസിൽ എത്തിയത്. വാഹനത്തിൽ നിന്നിറങ്ങിയ ഉടൻ നിതിൻ്റെ പിതാവ് വികാരധീനനായി. നിതിന്‍ താമസിച്ച ഹോസ്റ്റല്‍ മുറിയും അപകട സ്ഥലവും സന്ദര്‍ശിച്ച് കോളജ് പ്രിന്‍സിപ്പലിനെ കാണാനാണ് അവര്‍ എത്തിയത്.
എന്നാൽ, അവശനായ പിതാവ് ആരോപണ വിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യാത്തതിനെയും പ്രിൻസിപ്പലിനെ പ്രതി ചേർക്കാത്തതിനെയും രൂക്ഷമായി വിമർശിച്ചു. മകനെ കൊന്നവരെ കാണേണ്ട എന്ന നിലപാടിലേക്കും പിന്നീട് എത്തി. പ്രിൻസിപ്പലിനെ കാണാതെ മടങ്ങിയ കുടുംബം നിതിനെ കൊന്നതാണെന്നും മരണത്തിന് ഉത്തരവാദി കോളജധികൃതരാണെന്നും പറഞ്ഞു. കൂടെ ഉണ്ടായിരുന്നവർ പ്രിൻസിപ്പലിനെ നേരിൽ കണ്ട് മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു.
അതിനിടെ നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട് ദലിത് ലീഗ് കാമ്പസിലേക്ക് നടത്തിയ മാർച്ചിൽ ചെറിയ ഉന്തും തള്ളും ഉണ്ടായി. മാനേജ്മെൻ്റ് നിയോഗിച്ച സുരക്ഷാ ജീവനക്കാർ പ്രവർത്തകരെ തടയാൻ ശ്രമിച്ചതാണ് പ്രകോപനം ആയത്. കേസന്വേഷണം അട്ടിമറിക്കുന്ന കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിനിർത്തണമെന്നും അഞ്ചരക്കണ്ടി കോളജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് അടുത്ത ചൊവ്വാഴ്ച ഹർത്താലിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

0 Comments