തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രായപൂർത്തി വിവാദത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസും ദേശീയ പട്ടികവർഗ കമ്മീഷനും. വിവാഹവുമായി ബന്ധപ്പെട്ട ഉയർന്ന പരാതികൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് അന്വേഷിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി എഡിജിപിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാൻ നേതൃത്വം നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ റഹീം തുടങ്ങിയവർക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിലവിൽ ആർക്കെതിരെയും ഉടൻ കേസെടുത്തേക്കില്ല. വിഷയത്തിൽ വിശദമായ പരിശോധനകൾക്കും എഡിജിപിയുടെ റിപ്പോർട്ടിനും ശേഷമേ തുടർ നിയമനടപടികൾ സ്വീകരിക്കുകയുള്ളൂ. തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹത്തിൽ ആധാർ അടക്കമുള്ള രേഖകൾ പ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന വിശ്വാസത്തിലാണ് ചടങ്ങുകൾ നടത്തിയതെന്നാണ് അന്ന് നൽകിയിരുന്ന വിശദീകരണം.

0 Comments