പാലക്കാട് വോട്ടർമാർക്ക് പണംനൽകി ബിജെപി; വീഡിയോ ചിത്രീകരിച്ചവര്‍ക്കെതിരെ ശോഭാ സുരേന്ദ്രന്റെ ഭീഷണി

 


പാലക്കാട്: പാലക്കാട് വോട്ടർമാർക്ക് പണംനൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമം. പാലക്കാട് മണ്ഡലം ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പണം നൽകുന്നതിന്റെ വീഡിയോ ചിത്രീകരിച്ചവർക്കെതിരെ ശോഭാ സുരേന്ദ്രൻ ഭീഷണി മുഴക്കി.

കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. പ്രദേശത്തെ ഒരു വീട്ടിലെ വൃദ്ധയ്ക്ക് ബിജെപി പ്രവർത്തകർ പണം നൽകുന്നതാണ് ദൃശ്യങ്ങളിൽ. അയ്യായിരം രൂപയാണ് നൽകിയത്. മൂന്ന് കാറുകളിലായി സഞ്ചരിച്ചാണ് ബിജെപിക്കാർ പ്രദേശത്ത് പണം വിതരണം ചെയ്തത്. ശോഭാ സുരേന്ദ്രനും ഒരു കാറിലുണ്ടായിരുന്നു.

പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചവരെ കാറിൽനിന്നിറങ്ങിവന്ന് ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തി. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നായിരുന്നു ഭീഷണി. പണം നൽകിയതിനെക്കുറിച്ച് പ്രതികരിക്കാൻ ശോഭ തയ്യാറായുമില്ല. സംഭവത്തിൽ പരാതി ഉയർന്നതോടെ തെരഞ്ഞെടുപ്പ് കമീഷൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി.

പാലക്കാട് ബിജെപി വൻതോതിൽ പണംഒഴുക്കുകയാണെന്ന് സിപിഐ എം നേതാവ് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. യുപി രജിസ്ട്രേഷനിലുള്ള ധാരാളം വാ​ഹനങ്ങൾ പാലക്കാട്ടേക്ക് വരുന്നുണ്ട്. കെട്ടുകണക്കിന് പണമാണ് ഇറക്കുന്നത്. അതീവ ​ഗൗരവമാണ് ഈ വിഷയം. തെരഞ്ഞെടുപ്പ് കമീഷന് പലതവണ പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.


Post a Comment

1 Comments