118 എംഎൽഎമാരുടെ പിന്തുണ; തമിഴ്നാട്ടിൽ നടൻ വിജയ് മുഖ്യമന്ത്രിയാകും




 ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ് മുഖ്യമന്ത്രിയാകും. സർക്കാർ രൂപീകരിക്കാനുള്ള 118 എംഎൽഎമാരുടെ പിന്തുണ ലഭിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിഞ്ഞത്. അവകാശവാദമുന്നയിച്ച് വിജയ് അൽപസമയത്തിനകം ഗവർണറെ കാണും. കോൺഗ്രസിനൊപ്പം ഇടത് പാർട്ടികളും വിസികെയും ടിവികെക്ക് പിന്തുണ നൽകി.

കോൺഗ്രസിൽ നിന്ന് അഞ്ച് എംഎൽഎമാരും വിസികെ, സിപിഎം, സിപിഐ പാര്‍ട്ടികളിൽ രണ്ട് പേര്‍ വീതവും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കേവല ഭൂരിപക്ഷം മറികടന്നത്. "ടിവികെ പാര്‍ട്ടി സിപിഐ, സിപിഐ(എം), വിസികെ എന്നിവയെ സമീപിച്ചു. ഞങ്ങളുടെ പാർട്ടി യോഗം ചേർന്നു. ജനാധിപത്യത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുന്നത് സാധാരണമാണ്. തമിഴ്‌നാട്ടിലെ ജനങ്ങൾ ടിവികെയെ തെരഞ്ഞെടുത്തു. ജനാധിപത്യപരമായ രീതിയിലാണ് ഞങ്ങൾ തീരുമാനമെടുത്തത്."സിപിഐ(എം)-മായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യൻ പറഞ്ഞു.

ടിവികെയെ പിന്തുണക്കുന്ന കാര്യത്തിൽ ഡിഎംകെക്കുള്ളിൽ ഭിന്നാഭിപ്രായമാണ് ഉയര്‍ന്നത്. എഐഎഡിഎംകെയുമായി സഖ്യം വേണമെന്നും ടിവികെയെ സര്‍ക്കാര്‍ രൂപകരിക്കാൻ അനുവദിക്കരുതെന്നും ഒരു വിഭാഗം എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടു.പാര്‍ട്ടിയുടെ നിലനില്‍പിന് ആവശ്യമായ നിലപാട് എടുക്കുമെന്നും കൂടെ നില്‍ക്കണമെന്നും എം.കെ സ്റ്റാലിന്‍ എംഎല്‍എമാര്‍ക്ക് മറുപടി നൽകിയത്.

തമിഴ്‌നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടും സർക്കാർ രൂപീകരിക്കാനുള്ള നടൻ വിജയ്‌യുടെ ശ്രമങ്ങൾക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ ഇതുവരെ അനുമതി നൽകിയിരുന്നില്ല. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണ ഹാജരാക്കാൻ കഴിയാത്തതിനാലാണ് വിജയ്‌യുടെ അവകാശവാദം ഗവർണർ തള്ളിയത്. 118 സീറ്റുകൾ വേണ്ടയിടത്ത് കോൺഗ്രസ് പിന്തുണയോടെ നിലവിൽ 112 സീറ്റുകളാണ് ടിവികെ സഖ്യത്തിനുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് വിജയ്‌യുടെ സഖ്യവാഗ്ദാനം തള്ളിയ കോൺഗ്രസ്, ഫലം വന്നതോടെ നിലപാട് മാറ്റി ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. എം.ജി.ആർ, ജയലളിത തുടങ്ങിയ സിനിമാ താരങ്ങളുടെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌ കന്നിയങ്കത്തിൽ തന്നെ അധികാരക്കസേരയിലെത്തുകയായിരുന്നു

Post a Comment

0 Comments