മുംബൈ: ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് വലിയ മാറ്റങ്ങൾ വരുത്താൻ ബിസിസിഐ നീക്കം നടത്തുന്നതായി സൂചനകൾ പുറത്തുവരുന്നു. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മാറ്റി പുതിയൊരാളെ നിയമിക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന. ഐപിഎല്ലിലെ മോശം ബാറ്റിംഗ് ഫോമും ഇടയ്ക്കിടെ അലട്ടുന്ന പരിക്കുമാണ് സൂര്യകുമാറിന് തിരിച്ചടിയാകുന്നത്. പരിക്കിനെത്തുടർന്ന് ബാറ്റിംഗിൽ പഴയ മികവ് പുലർത്താൻ താരത്തിന് കഴിയുന്നില്ലെന്ന വിലയിരുത്തലിലാണ് സെലക്ടർമാർ.
പരിശീലകൻ ഗൗതം ഗംഭീർ മലയാളി താരം സഞ്ജു സാംസണെ നായകസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതായാണ് വിവരം. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള സഞ്ജുവിന്റെ പരിചയസമ്പത്തും വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിലുള്ള പ്രകടനവുമാണ് ഗംഭീറിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിക്കുന്നത്. സഞ്ജുവിനെ ടീമിന്റെ സ്ഥിര നായകനാക്കുന്നതിന് മുന്നോടിയായി സിംബാബ്‌വെ, അയർലൻഡ് പര്യടനങ്ങളിൽ ഇന്ത്യയെ നയിക്കാൻ അവസരം നൽകിയേക്കും. അതേസമയം, ബിസിസിഐയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കണമെന്ന നിലപാടിലാണെങ്കിലും ഗംഭീർ സഞ്ജുവിനായി ഉറച്ചുനിൽക്കുകയാണ്.
സൂര്യകുമാർ യാദവിന് കീഴിൽ ഇന്ത്യ മികച്ച വിജയങ്ങൾ നേടിയെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനത്തിലെ ഇടിവ് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിൽ പത്ത് മത്സരങ്ങളിൽ നിന്ന് 195 റൺസ് മാത്രമാണ് സൂര്യയ്ക്ക് നേടാനായത്. 2028 ഒളിമ്പിക്സ് വരെ ക്യാപ്റ്റനായി തുടരാൻ സൂര്യകുമാറിന് താൽപ്പര്യമുണ്ടെങ്കിലും സെലക്ഷൻ കമ്മിറ്റി യുവതാരങ്ങളെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് മുൻഗണന നൽകുന്നത്. വരാനിരിക്കുന്ന പര്യടനങ്ങളിലെ പ്രകടനം കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

0 Comments