വ്യാജരേഖയുണ്ടാക്കിയുള്ള അവയവദാനത്തട്ടിപ്പിന് പിന്നിൽ വൻ മാഫിയ; ജനപ്രതിനിധികളുടെ പേരിൽ വ്യാജ രേഖകൾ, അഞ്ച് പേർ അറസ്റ്റിൽ

 


കൊച്ചി: കൊച്ചിയിൽ വ്യാജരേഖയുണ്ടാക്കി അവയവദാനത്തട്ടിപ്പ് നടത്തിയതിന് പിന്നിൽ വൻ മാഫിയ. ദാതാക്കൾക്ക്​ കുറഞ്ഞ തുക നൽകി വൻ തുകക്ക്​ മറിച്ചുവിൽക്കുന്നു. തട്ടിപ്പിന്​ ഇരയാകുന്നത്​ സാധാരണക്കാരും സാമ്പത്തിക ബുദ്ധിമുട്ട്​ അനുഭവിക്കുന്നവരും. എംഎൽഎ, എംപി, പൊലീസ്​ എന്നിവരുടെ പേരിലെല്ലാം വ്യാജരേഖ.

അവയവ ദാനത്തിന് വ്യാജ രേഖകൾ ചമച്ച സംഭവത്തിൽ പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകൾ. എറണാകുളത്തും കൊല്ലത്തുമായി അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതി എന്ന് കരുതുന്നയാൾ ഡൽഹിയിലേക്ക് കടന്നതായി സൂചന. സംസ്ഥാനത്തിന് പുറത്തും ഈ റാക്കറ്റിനു ബന്ധം ഉണ്ടെന്നതിന്റെ സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിൽ അധികമായി വ്യാജ രേഖകൾ ചമച്ചു അവയവ കച്ചവടം നടത്തിവരുകയായിരുന്നു.

വ്യാജ രേഖകൾ നിർമിക്കുന്നതായുള്ള ഇൻറലിജൻസ്​ റിപ്പോർട്ടി​​നെ തുടർന്നുള്ള അന്വേഷണത്തിൽ പുറത്തുവരുന്നത്​ ഞെട്ടിക്കുന്ന വിവരങ്ങൾ. അവയവ വിൽപന റാക്കറ്റി​ൻ്റെ പിന്നിലുള്ളവരെ കുറിച്ച്​ സൂചന ലഭിച്ചിട്ടുണ്ട്​. എറണാകുളം ജില്ലയുടെ ഗ്രാമ പ്രദേശങ്ങളും കൊല്ലത്തെ കിളികൊല്ലൂരും കേ​ന്ദ്രീകരിച്ചാണ്​​ പ്രവർത്തനം. സംസ്ഥാനത്തി​ൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇരയായിട്ടുണ്ടെന്നാണ്​ സൂചന. പള്ളിക്കരയിലേയും, ചിത്രപ്പുഴയിലെയും സ്റ്റുഡിയോയിൽ നിന്നും വടക്കേക്കരയി​ലെ വീട്​, പെരിങ്ങാലയിലെ അപ്പാർട്ട്​മെൻറ്​ എന്നിവിടങ്ങളിൽ നടത്തിയ റെയ്​ഡിലാണ്​ വ്യാജ രേഖകൾ കണ്ടെത്തിയത്​.

എംഎൽഎമാരായ ദലീമ ജോജോ, എൻ. ജയരാജ്​, കെ.പി മോഹൻ, കെ.രാധാകൃഷ്​ണൻ എംപി, അമ്പലപ്പുഴ ഡിവൈഎസ്​പി, കുന്നംകുളം സബ്​ഡിവിഷൻ എസിപി സി.ആർ സന്തോഷ്​ എന്നിവരുടെ പേരുകളിലെല്ലാം വ്യാജ ലെറ്റർ ഹെഡുകൾ സൃഷ്​ടിച്ചിട്ടുണ്ട്​. സർക്കാർ ഓഫിസുകളുടെ സീലുകൾ, മാര്യേജ്​ സർട്ടിഫിക്കറ്റുകൾ, ഫോ​ട്ടോ ഐ.ഡികൾ എന്നിവയെല്ലാം കണ്ടെടുത്തു.

അവയവ ദാതാവിന്​ നൽകുന്നത്​ 10 - 15 ലക്ഷം രൂപ. സ്വീകർത്താവിൽ നിന്ന്​ വാങ്ങുന്നത്​ 50 ലക്ഷം രൂപ വരെ. മൂന്ന്​ വർഷമായി റാക്കറ്റ്​ പ്രവർത്തിക്കുന്നതായും കണ്ടെത്തൽ. പിടിയിലായ അഞ്ച്​ പേരും​ ഏജൻ്റുമാർ. പ്രധാന പ്രതിയെക്കുറിച്ച്​ അന്വേഷണ സംഘത്തിന്​ സൂചന ലഭിച്ചു. റൂറൽ ജില്ല പൊലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിൽ ആറ് സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്.

Post a Comment

0 Comments