ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിജയ് സർക്കാർ നടത്തിയ വിശ്വാസവോട്ടെടുപ്പിന് പിന്നാലെ എഐഎഡിഎംകെയിൽ പിളർപ്പ് പൂർണ്ണമാകുന്നു. പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെതിരെ വോട്ട് ചെയ്തതിന് എടപ്പാടി കെ. പളനിസ്വാമി ഉൾപ്പെടെ 22 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് വിമത വിഭാഗം സ്പീക്കർ ജെ.സി.ഡി പ്രഭാകർക്ക് പരാതി നൽകി.
സി.വി. ഷൺമുഖം നേതൃത്വം നൽകുന്ന എഐഎഡിഎംകെ നിയമസഭാ കക്ഷിയുടെ വിപ്പായ സി. വിജയഭാസ്കറാണ് പരാതി നൽകിയത്. തങ്ങൾക്ക് 25 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അതിനാൽ തങ്ങളാണ് യഥാർത്ഥ നിയമസഭാ കക്ഷിയെന്നും വിജയഭാസ്കർ അവകാശപ്പെട്ടു. ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ എല്ലാ 47 എംഎൽഎമാർക്കും താൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പളനിസ്വാമിയും മറ്റ് 21 എംഎൽഎമാരും ഇത് ലംഘിച്ച് സർക്കാരിനെതിരെ വോട്ട് ചെയ്തു. അതിനാൽ അവരെ അയോഗ്യരാക്കണമെന്നാണ് ആവശ്യം.
സി.വി. ഷൺമുഖം, എസ്.പി വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള 25 എംഎൽഎമാർ വിജയ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ടിവികെയുടെ അംഗബലം 144 ആയി ഉയർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടി നേതാക്കളെ പുറത്താക്കുന്ന രീതി പളനിസ്വാമി അവസാനിപ്പിക്കണമെന്നും ഉടൻ ജനറൽ കൗൺസിൽ വിളിക്കണമെന്നും മുതിർന്ന നേതാവ് നഥം വിശ്വനാഥൻ ആവശ്യപ്പെട്ടു

0 Comments