കല്പറ്റ : എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണാർത്ഥം മേയ് 24-ന് കല്പറ്റയിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ രജിസ്ട്രേഷൻ തുടങ്ങി. 500 പേർക്കുള്ള സൗജന്യ തിമിരശസ്ത്രക്രിയ അടക്കം വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ഇ.സി.ജി. ഉൾപ്പെടെയുള്ള പരിശോധനാ സൗകര്യങ്ങളും ക്യാമ്പിലുണ്ടാകും. എം.പി. വീരേന്ദ്രകുമാറിന്റെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായാണ് എം.പി. വീരേന്ദ്രകുമാർ സ്മാരക ട്രസ്റ്റ് കല്പറ്റയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആരോഗ്യരംഗത്തെ അതികായരായ ആശുപത്രികളാണ് മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി വയനാട്ടിലെത്തുക. കോഴിക്കോട് മൈയ്ത്ര ആശുപത്രി, കോംട്രസ്റ്റ് കണ്ണാശുപത്രി, കോട്ടയ്ക്കൽ ആര്യവൈദ്യശാല എന്നിവർ ക്യാമ്പിന്റെ ഭാഗമാകും. 24-ന് രാവിലെ ഒൻപതുമണി മുതൽ കല്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂളിലായിരിക്കും ക്യാമ്പ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിലേക്ക് സൗജന്യമായി വിദഗ്‌ധചികിത്സ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
0 Comments