50 ശതമാനത്തോളം വർധിപ്പിച്ച ഗ്യാസ് വിലക്കെതിരെ എകെസിഎ പ്രതിഷേധ ധർണ

 


കൽപ്പറ്റ: വാണിജ്യ ഗ്യാസ് വില അനിയന്ത്രിതമായി ഏകദേശം 50 ശതമാനത്തോളം വർധിപ്പിച്ച നടപടിക്കെതിരെ ഓൾ കേരള കാറ്റേഴ്സ് അസോസിയേഷൻ (എകെസിഎ) സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ച് പടിക്കൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

 എകെസിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ജി. ശ്രീവത്സൻ സമരം ഉദ്ഘാടനം ചെയ്തു.   നിരന്തരമായ ഗ്യാസ് വിലവർധനവ് കാറ്ററിങ്, ഹോട്ടൽ, ഭക്ഷ്യസേവന മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാണിജ്യ ഗ്യാസ് വിലയിൽ ഉണ്ടായ കുത്തനെ വർധനവ് ചെറുകിട സംരംഭകരെയും തൊഴിലാളികളെയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

 ജില്ലാ പ്രസിഡണ്ട് കെ.സി. ജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭരണസമിതി അംഗം സി.എൻ. ചന്ദ്രൻ, ഹാജ ഹുസൈൻ, വിജുമന്ന, ഉണ്ണികൃഷ്ണൻ, സുൽഫി. യേശുദാസ് എന്നിവർ സംസാരിച്ചു.

 ഗ്യാസ് വിലവർധനവ് പിൻവലിച്ച് വിലയിൽ സ്ഥിരത ഉറപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും വ്യാപാര-ഭക്ഷ്യമേഖലയെ സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Post a Comment

0 Comments