എബോള വൈറസ് ബാധിതർ 600 കടന്നു; 139 മരണം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന

 



ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള ബാധിതരുടെ എണ്ണം 600 കടന്നു. ഇതിനോടകം 139 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന തലവൻ അറിയിച്ചു. ബുധനാഴ്ച ജനീവയിൽ ചേർന്ന ഡബ്ല്യുഎച്ച്ഒയുടെ അടിയന്തര യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ട ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്, നിലവിലെ സാഹചര്യം അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഇതൊരു ആഗോള മഹാമാരി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഡിആർസി അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 513 സംശയാസ്പദമായ കേസുകളിൽ നിന്ന് 131 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഡിആർസിയിൽ കഴിഞ്ഞ എബോള വ്യാപനം അവസാനിച്ചതായി പ്രഖ്യാപിച്ച് വെറും അഞ്ച് മാസങ്ങൾക്ക് ശേഷമാണ് പുതിയ രോഗവ്യാപനം ഉണ്ടായിരിക്കുന്നത്.

രോഗവ്യാപനത്തിന്റെ എല്ലാ കണ്ണികളും കണ്ടെത്തുക എന്നതിനാണ് ഇപ്പോൾ തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഡബ്ല്യുഎച്ച്ഒ എമർജൻസി ചീഫ് ചിക്വെ ഇഹെക്വീസു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് വഴി രോഗവ്യാപനത്തിന്റെ വ്യാപ്തി കൃത്യമായി മനസിലാക്കാനും ആവശ്യമായ പരിചരണം നൽകാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, മറ്റ് വിദഗ്ധരുമായി കൂടിയാലോചിക്കുന്നതിന് മുമ്പ് തന്നെ കഴിഞ്ഞ ഞായറാഴ്ച ടെഡ്രോസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ലഭ്യമായ വാക്്‌സിനുകളോ ചികിത്സയോ ഫലപ്രദമല്ലാത്ത 'ബുണ്ടിബുഗ്യോ' എന്ന എബോള വൈറസ് വകഭേദമാണ് ഈ രോഗവ്യാപനത്തിന് പിന്നിലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

Post a Comment

0 Comments