ബംഗാളിൽ മമത യുഗത്തിന് അന്ത്യം! മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു

 

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ കുത്തക തകർത്ത് പശ്ചിമ ബംഗാളിൽ ആദ്യമായി അധികാരത്തിലേറിയ ബിജെപി സർക്കാരിനെ സുവേന്ദു അധികാരി നയിക്കും. ശനിയാഴ്ച രാവിലെ 11ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു, ഇന്ന് ബിജെപിയുടെ ബംഗാൾ മുഖമായാണ് അധികാരമേറ്റത്.


ശക്തിപ്രകടനം കൂടിയായി മാറിയ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ, മറ്റ് കേന്ദ്രമന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുത്തു. അഗ്നിമിത്ര പോൾ, നിസിത് പ്രമാണിക്, ദിലീപ് ഘോഷ്, അശോക് കീർത്തനിയ, ക്ഷുദിറാം ടുഡു എന്നിവരും സുവേന്ദുവിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.


നോബൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9 തന്നെ സത്യപ്രതിജ്ഞയ്ക്കായി തെരഞ്ഞെടുത്തത് 'ബംഗാളി വികാരം' കൂടി കണക്കിലെടുത്താണ്. എതിർപാളയത്തിൽനിന്ന് രാഷ്ട്രീയത്തിലെ അടവും തടവും പഠിച്ചാണ് സുവേന്ദു (56) ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാകുന്നത്. ആദ്യം കോൺഗ്രസിന്റെയും പിന്നീട് തൃണമൂലിന്റെയും ശേഷം ബിജെപിയുടെയും നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ശിശിർ അധികാരിയുടെയും ഗായത്രി അധികാരിയുടെയും മകനായി 1970ൽ ജനിച്ച സുവേന്ദു അച്ഛന്റെ അതേ വഴിയിലൂടെയാണ് രാഷ്ട്രീയത്തിലും വളർന്നത്.


2026ലെ തെരഞ്ഞെടുപ്പ് നയിച്ച സുവേന്ദു തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ അവരുടെ കോട്ടയായ ഭവാനിപുരിൽ പരാജയപ്പെടുത്തിയാണ് അധികാരത്തിലേക്കെത്തിയത്. നിയമസഭയിലെ 294 സീറ്റുകളിൽ 207 എണ്ണവും പിടിച്ചെടുത്താണ് ബിജെപി ഭരണം പിടിക്കുന്നത്. 80സീറ്റുകളാണ് ടിഎംസി നേടിയത്. ഇതിനിടെ മോഷ്ടിച്ചാണ് ബിജെപി ബംഗാളില്‍ അധികാരത്തിലെത്തിയതെന്നും രാജിവെക്കില്ലെന്നും മമത പറഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയെങ്കിലും ഒടുവില്‍ ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിടുകയായിരുന്നു.

Post a Comment

0 Comments