ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് കെ.രാജൻ (85) നദിയിൽചാടി ജീവനൊടുക്കി. ചെന്നൈയിലെ അഡയാർ പാലത്തിൽ നിന്നും നദിയിലേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മരണകാരണം വ്യക്തമല്ല, അന്വേഷണം പുരോഗമിക്കുകയാണ്. നടൻ പ്രഭുകാന്താണ് മകൻ.
1983ൽ ബ്രഹ്മചാരികൾ എന്ന ചിത്രത്തിലൂടെയാണ് രാജൻ തമിഴ് സിനിമയിൽ നിർമാതാവായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഗണേഷ് സിനി ആർട്‌സ് എന്ന ബാനറിലൂടെ നിരവധി ചിത്രങ്ങൾ നിർമിച്ചു. വർഷങ്ങളായി, ഡബിൾസ്, അവൾ പാവം , നിനൈകാത്ത നാളില്ലൈ തുടങ്ങിയവ അതിൽ ചിലതാണ്.
നിർമാണത്തിന് പുറമേ, മൈക്കിൾ രാജ്, സോന്തക്കാരൻ, വീട്ടോട മാപ്പിളൈ, പാംഭു സട്ടൈ, തുണിവ് , ബകാസുരൻ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ രാജൻ അഭിനേതാവായും പ്രത്യക്ഷപ്പെട്ടു. 1991ൽ ‘നമ്മ ഊരു മാരിയമ്മ’ എന്ന ചിത്രം സംവിധാനം ചെയ്തു. അബ്ബാസ്, കുനാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉണർച്ചിഗൽ ഉൾപ്പെടെയുള്ള സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. ചലച്ചിത്ര വ്യാപാര മേഖലയിലും അദ്ദേഹം പങ്ക് വഹിച്ചു. 2000ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
തമിഴ് സിനിമാ ലോകത്ത് വലിയ ഞെട്ടലാണ് രാജൻ്റെ മരണം ഉണ്ടാക്കിയത്. തമിഴ് സിനിമ നേരിടുന്ന പ്രതിസന്ധികൾ, സാമ്പത്തിക നഷ്ടങ്ങൾ, അഭിനേതാക്കളുടെ കുതിച്ചുയരുന്ന ശമ്പളം, വ്യവസായത്തിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം പലപ്പോഴും സംസാരിച്ചിരുന്നു. വിയോഗത്തിൽ സിനിമാ രംഗത്തെ നിരവധി അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.
0 Comments