കേളകത്ത് പാർക്കിംഗ് ഗ്രൗണ്ടുകൾ പ്രവർത്തനം തുടങ്ങി

 



കേളകം: കേളകം ഗ്രാമപഞ്ചായത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന സ്വകാര്യ വാഹന പാർക്കിംഗ് സൗകര്യങ്ങൾ യാഥാർത്ഥ്യമായി. വാഹനങ്ങളുടെ വർധിച്ചുവരുന്ന തിരക്കും പാർക്കിംഗ് സൗകര്യങ്ങളുടെ അഭാവവും പരിഗണിച്ചാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ പാർക്കിംഗ് ഗ്രൗണ്ടുകൾ ആരംഭിച്ചത്. സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കമായത്.

കേളകം ബസ് സ്റ്റാൻഡിന്റെ പുറകുവശത്തുള്ള കൊച്ചിൻ രാജന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും, ബസ് സ്റ്റാൻഡിന് സമീപത്തുള്ള ചോലമറ്റം ജേക്കബിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും, കേളകം ഗ്രാമപഞ്ചായത്തിന്റെ മുമ്പിലുള്ള മയിലാടുംപാറ ടോമിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും, കേളകം ഗ്രാമപഞ്ചായത്തിന്റെ കംഫർട്ട് സ്റ്റേഷന്റെ സമീപത്തുള്ള പഞ്ചായത്തിന്റെ സ്വന്തം സ്ഥലവും പാർക്കിംഗ് ആവശ്യങ്ങൾക്ക് സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ ക്രമബദ്ധമായി പാർക്ക് ചെയ്യാൻ കഴിയുന്ന വിധത്തിൽ സൗകര്യങ്ങൾ ഒരുക്കിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

പാർക്കിംഗ് ഗ്രൗണ്ടുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു ചാക്കോ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി പി. മായ, പഞ്ചായത്ത് അംഗങ്ങളായ ജോർജുകുട്ടി താന്നിവേലിൽ, ബിനു ഏടാൻ, സുനിത വ്യത്യാട്ട്, ഷിജി സുരേന്ദ്രൻ, ബിന്ദു, മുഞ്ഞാട്ട് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണം നിർണായകമാണെന്നും, ഭാവിയിലും കൂടുതൽ പൊതുസൗകര്യ പദ്ധതികൾ നടപ്പാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

പുതിയ പാർക്കിംഗ് സൗകര്യം നിലവിൽ വന്നതോടെ ബസ് സ്റ്റാൻഡ് പരിസരങ്ങളിലെ ഗതാഗതക്കുരുക്കിനും അനിയന്ത്രിത പാർക്കിംഗിനും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Post a Comment

0 Comments