'അമ്മ'യിലെ തമ്മിലടി നിയമപോരാട്ടത്തിലേക്ക്; അന്‍സിബയുടെ പരാതി പൊലീസ് മേധാവി അന്വേഷിക്കും




 കൊച്ചി: താരസംഘടന 'അമ്മ'യിലെ തമ്മിലടി നിയമപോരാട്ടത്തിലേക്ക്. തൃപ്പൂണിത്തറ എസ്‌ഐ രേഷ്മക്കും നടി ലക്ഷ്മിപ്രിയക്കുമെതിരെ നടി അന്‍സിബ ഹസന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. അതിനിടെ, തൊഴില്‍പീഡന പരാതി നല്‍കിയതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി 'അമ്മ' മുന്‍ മാനേജര്‍ അതുല്യയും പരാതി നല്‍കി.

വ്യാജ പരാതി നല്‍കി തന്നെ മൂന്നു മണിക്കൂറിലധികം സ്റ്റേഷനില്‍ തടഞ്ഞുവെച്ചു എന്നും മാനസികമായി പീഡിപ്പിച്ചു എന്നുമാണ് അന്‍സിബ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. തൃപ്പൂണിത്തറ എസ്‌ഐ രേഷ്മയും നടി ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തിയാണ് വ്യാജ കേസ് ഉണ്ടാക്കിയതെന്നും അതില്‍ അപമാനം നേരിട്ട തനിക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും പരാതിയില്‍ പറയുന്നു. ഈ പരാതിയാണ് മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയത്.

അതേസമയം, അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കെതിരെ പുതിയ പരാതിയുമായാണ് മാനേജര്‍ അതുല്യ രംഗത്തെത്തിയത്. തൊഴില്‍ പീഡന പരാതി നല്‍കിയതിന് പിന്നാലെ മാനസികമായി ഉപദ്രവിക്കുന്നുവെന്നും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണ് പരാതി. നീനാ കുറുപ്പ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കെതിരെ ഫോണ്‍ സംഭാഷണങ്ങളും ശബ്ദരേഖകളും അടക്കമാണ് പരാതി. തനിക്കെതിരെ ഗൂഢാലോചന നടത്തിയ സംഭവവും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതും ഉള്‍പ്പെടുത്തിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ജില്ല ലേബര്‍ ഓഫീസര്‍ക്കും അതുല്യയുടെ പരാതി.

അതേസമയം, അന്‍സിബയുടെ പരാതിയില്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യം അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചിട്ടില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ വിഷയം പരിഹരിക്കാനാണ് നീക്കം.

Post a Comment

0 Comments