തിരുവനന്തപുരം: യുഡിഎഫ് മന്ത്രിമാരുടെയും വകുപ്പികളുടെയും കാര്യത്തിൽ ഏകദേശ ധാരണ. രമേശ് ചെന്നിത്തല, സണ്ണിജോസഫ്, എ.പി അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.മുരളീധരൻ, പി.സി വിഷ്ണുനാഥ്, എം.ലിജു, ബിന്ദു കൃഷ്ണ,ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തലക്ക് ആഭ്യന്തരവും വിജിലൻസും,വി.ഡി സതീശൻ-ധനം തുറമുഖം, സി.പി ജോൺ- ഗതാഗതം,സണ്ണി ജോസഫ്- റവന്യൂ,എം.ലിജു-എക്സൈസ്,കെ.മുരളീധരൻ-ആരോഗ്യം എന്നിവയിലാണ് ഏകദേശ ധാരണയായത്.
സാമുദായിക സമവാക്യങ്ങളും പ്രാദേശിക പരിഗണനകളെയും പരിഗണിച്ച് തീരുമാനമെടുക്കേണ്ടത് കൊണ്ടാണ് വൈകുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ഉച്ചയോടെ ഗവർണർക്ക് മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ കൈമാറും.സ്പീക്കർ സ്ഥാനത്തേക്ക് ശക്തൻ, റോജി,ബൽറാം എന്നിവരാണ് പരിഗണനയിൽ.
കെ.സി വേണുഗോപാൽ പക്ഷം മുന്നോട്ടുവച്ച എട്ടു പേരുകളിൽ നിലവിൽ അഞ്ചുപേരുടെ പേരുകളാണ് അംഗീകാരമായത്. സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനിൽകുമാർ എം, ലിജു, പി.സി വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ചെന്നിത്തലക്കൊപ്പം അൻവർ സാദത്തിനെയോ ഐസി ബാലകൃഷ്ണനെയോ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ആവശ്യം. അൻവർ സാദത്തിനാണ് ചെന്നിത്തല മുഖ്യപരിഗണന നൽകുന്നത്. ഇക്കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
കെ.മുരളീധരനെ കൂടാതെ ചാണ്ടി ഉമ്മനെ കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് വി.ഡി സതീശൻ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മന്ത്രി സ്ഥാനത്തിൽ കേരള കോൺഗ്രസ് ഉറച്ചുനിൽക്കുന്നതും കോൺഗ്രസിന് തലവേദനയാണ്. ഒരു മന്ത്രി പദവിയും ചീഫ് വിപ്പ് സ്ഥാനംനൽകാമെന്ന് അറിയിച്ചെങ്കിലും ജോസഫ് ഗ്രൂപ്പ് വഴങ്ങിയിട്ടില്ല. ഒറ്റ എംഎൽഎമാർ ഉള്ളകക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാം എന്നതിലുംഎതിർപ്പ് തുടരുകയാണ്. പൂർണ്ണസമയം മന്ത്രിസ്ഥാനം വേണമെന്നാണ് മാണി സി കാപ്പൻ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാട്.
സിവിൽ സപ്ലൈസ് വകുപ്പ് നൽകാമെന്ന് കോൺഗ്രസ് അറിയിച്ചെങ്കിലും ആർ.എസ്.പി അംഗീകരിച്ചിട്ടില്ല. വൈദ്യുതിയോ ടൂറിസമോ വേണമെന്നാണ് ആവശ്യം. ചർച്ചകൾക്ക് പിന്നാലെ ഇന്ന് ഉച്ചയോടെ ഗവർണർക്ക് മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ കൈമാറും.
അതിനിടെ, മുസ്‌ലിം ലീഗ് മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് ചേരുന്ന ലീഗ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ പാണക്കാട് സാദിഖലി തങ്ങളാകും പ്രഖ്യാപനം നടത്തുക. അഞ്ച് മന്ത്രിമാരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ്. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം.ഷാജി, എൻ.ഷംസുദ്ദീൻ, പാറക്കൽ അബ്‌ദുല്ല എന്നിവരാണ് മന്ത്രി സ്ഥാനം ഉറപ്പിച്ചത്. അഞ്ചാമനായി പി.കെ ബഷീർ, വി.ഇ അബ്ദുൽ ഗഫൂർ, എ.കെ.എം അഷ്‌റഫ് എന്നിവരാണ് പരിഗണനയിലുള്ളത്.

0 Comments