മന്ത്രിസഭാ രൂപീകരണം; ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല; ചർച്ച നാളെയും തുടരും

 



തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല. പൂർത്തിയായത് ഇന്നത്തെ ചർച്ച മാത്രമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോൺഗ്രസുമായുള്ള ചർച്ച നാളെയും തുടരുമെന്നും ഉഭയകക്ഷി ചർച്ച പൂർത്തിയായാലേ കൂടുതൽ ചർച്ചകളെ പറ്റി പറയാനാവൂവെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അഞ്ചാം മന്ത്രിപദത്തെ ചൊല്ലിയുള്ള ചോദ്യങ്ങളോട് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല.


പി.കെ കുഞ്ഞാലിക്കുട്ടി, എൻ.ഷംസുദ്ദീൻ, പാറക്കൽ അബ്ദുല്ല, വി.ഇ അബ്ദുൽ ഗഫൂർ എന്നിവർ ലീഗ് പ്രതിനിധികളായി മന്ത്രിസഭയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവരെക്കൂടാതെ പി.കെ ബഷീർ, കെ.എം ഷാജി എന്നിവരിലൊരാളും മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ചേരുന്ന ചർച്ചയ്ക്ക് ശേഷമുണ്ടായേക്കും.

മലപ്പുറം ജില്ലയിൽ നിന്ന് രണ്ടിൽ കൂടുതൽ മന്ത്രിമാർ വേണ്ടെന്ന പാർട്ടിയുടെ തീരുമാനത്തെ തുടർന്ന് പ്രമുഖ നേതാവ് കെ.എം ഷാജിയുടെ പേര് അന്തിമപട്ടികയിൽ ഉൾപ്പെടുത്താനുള്ള സാധ്യത കുറവായിരുന്നു. മലപ്പുറത്ത് നിന്ന് കുഞ്ഞാലിക്കുട്ടിയും പി.കെ ബഷീറും എത്തുന്ന സാഹചര്യത്തിലാണ് ഷാജിയെ ഒഴിവാക്കേണ്ടി വന്നത് എന്നാണ് സൂചന. എന്നാൽ, അതേസംബന്ധിച്ച കാര്യങ്ങളിൽ അന്തിമതീരുമാനം ഇതുവരെയും വന്നിട്ടില്ല. ഇരുവരിൽ നിന്നും ആരെ മന്ത്രിയാക്കുമെന്നതിൽ ചർച്ചകൾ തുടരുകയാണ്. വടക്കൻ മലബാറിൽ നിന്നും മധ്യകേരളത്തിൽ നിന്നും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടാണ് ലീഗ് ഇത്തവണ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Post a Comment

0 Comments