നിയമസഭാകക്ഷി നേതാവായി വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ട് രമേശ് ചെന്നിത്തല കത്ത് നൽകുമെന്ന് റിപ്പോർട്ട്. എന്നാൽ, ഹൈക്കമാൻഡ് തീരുമാനത്തിലുള്ള അതൃപ്തിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് വൈകിട്ട് നടക്കുന്ന നിർണ്ണായകമായ കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിൽ അദ്ദേഹം പങ്കെടുക്കില്ല. പകരം, തന്റെ ഔദ്യോഗിക പിന്തുണ കത്തിലൂടെ അറിയിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തിരുവനന്തപുരത്തെ വസതിയിൽ നിന്നും പുറപ്പെട്ട ചെന്നിത്തല ഹരിപ്പാട്ടേക്കും തുടർന്ന് ഗുരുവായൂരിലേക്കും പോകുമെന്നാണ് വിവരം.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് രാഹുൽ ഗാന്ധിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ രമേശ് ചെന്നിത്തല തന്റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാർട്ടിക്കുവേണ്ടി ഇത്രയും കാലം നടത്തിയ പ്രവർത്തനങ്ങളും തന്റെ സീനിയോറിറ്റിയും നേതൃത്വം പരിഗണിച്ചില്ലെന്ന വികാരം അദ്ദേഹം പ്രകടിപ്പിച്ചതായാണ് സൂചന. പ്രഖ്യാപനത്തിന് പിന്നാലെ വഴുതയ്ക്കാട്ടെ വസതിയിൽ മാധ്യമങ്ങൾ കാത്തുനിന്നെങ്കിലും, അവരെ അഭിമുഖീകരിക്കാതെ അദ്ദേഹം പിൻവാതിലിലൂടെ പുറത്തേക്ക് പോകുകയായിരുന്നു.
അതേസമയം, രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിലാണെന്ന വാർത്തകളെ നിയുക്ത എം.എൽ.എ ജ്യോതികുമാർ ചാമക്കാല തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ വസതിയിലുണ്ടായിരുന്ന ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, ടി.ജെ. വിനോദ് എന്നിവരിൽ ജ്യോതികുമാർ പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിച്ചു. രമേശ് ചെന്നിത്തല പതിവായി ഉപയോഗിക്കുന്ന വഴിയാണിതെന്നും അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്തൊക്കെയാണെങ്കിലും നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളിപ്പറയാതെ, പിന്തുണയുമായി കത്ത് നൽകാൻ അദ്ദേഹം തയ്യാറായതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശ്രദ്ധേയമാകുന്നത്.
0 Comments