എറണാകുളം: കൊച്ചി കോർപറേഷനിൽ പുതിയ ഡെപ്യൂട്ടി മേയറെ ദിവസങ്ങൾക്കുള്ളിൽ തീരുമാനിച്ചേക്കും. നിലവിലെ ഡെപ്യൂട്ടി മേയർ ദീപക് ജോയ് അടുത്ത ദിവസം തന്നെ സ്ഥാനം രാജിവെക്കും. തൃപ്പൂണിത്തുറയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് രാജി. ദീപക് പ്രതിനിധീകരിക്കുന്ന അയ്യപ്പൻകാവ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പും നടക്കും.
സമുദായ സമവാക്യങ്ങളും ഗ്രൂപ്പ് താൽപര്യങ്ങളും അടക്കം പരിഗണിച്ചാണ് കൊച്ചിയിൽ പുതിയ ഡെപ്യൂട്ടി മേയറെ കോൺഗ്രസ് തീരുമാനിക്കുക. ദീപക് ജോയിക്കൊപ്പം നേരത്തേ പരിഗണിച്ചിരുന്ന വി.ആർ സുധീറിനാണ് കൂടുതൽ സാധ്യത. എളമക്കര സൗത്തിൽ നിന്നുള്ള കൗൺസിലറാണ് സുധീർ. ദീപകും സുധീറും ഒരേ ഗ്രൂപ്പുകാരുമാണ്.
2025 ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെ 76 ഡിവിഷനിൽ 46 ഉം നേടി അധികാരത്തിലെത്തിയ യുഡിഎഫിന് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. രണ്ടര വർഷത്തിന് ശേഷം ഡെപ്യൂട്ടി മേയർ പദവി എറണാകുളം സൗത്തിൽ നിന്നുള്ള കെ.വി.പി കൃഷ്ണകുമാറിന് കൈമാറാനും ധാരണയുണ്ട്.
മുസ്ലിം ലീഗ് നേരത്തേ ഡെപ്യൂട്ടി മേയർ പദവിക്ക് അവകാശമുന്നയിച്ചിരുന്നു. യുഡിഎഫ് സംസ്ഥാന തലത്തിൽ നടത്തിയ ചർച്ചയിൽ പിന്നീട് പരിഗണിക്കാമെന്നാണ് ധാരണയായത്. ലീഗിന് അവസരം ലഭിച്ചാൽ കലൂർ നോർത്തിൽ നിന്നുള്ള ടി.കെ അഷ്റഫ് ആകും ഡെപ്യൂട്ടി മേയറാകുക.

0 Comments