റഹീമിന്റെ ശിക്ഷാ കാലാവധി ബുധനാഴ്ച അവസാനിക്കും; ഈ മാസം തന്നെ നാട്ടിലെത്തിക്കാൻ ശ്രമം

 



റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽ ശിക്ഷാ കാലാവധി ബുധനാഴ്ച അവസാനിക്കും. കാലാവധി അവസാനിക്കുന്നതോടെ നാട്ടിലേക്ക് തിരിച്ചയക്കാനായി ജയിലിലെ തന്നെ നാടുകടത്തൽ വിഭാഗത്തിലേക്ക് മാറ്റും. കൊലപാതക കേസിൽ വധശിക്ഷ ഒഴിവായതോടെ കോടതി വിധിച്ച ഗൂഢാലോചന കേസിലെ തടവ് കാലാവധിയാണ് ബുധനാഴ്ച അവസാനിക്കുന്നതെന്ന് റിയാദിലെ നിയമസഹായ സമിതി പറഞ്ഞു. ഗൂഢാലോചനയിൽ ഭാഗമായതിന് ഇരുപത് വർഷമായിരുന്നു കോടതി ശിക്ഷ വിധിച്ചത്. അതോടെ അഭ്യന്തര മന്ത്രാലയം എക്‌സിറ്റ് വിസ നൽകും. പിന്നാലെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഹീമിനെ മാറ്റും. അവിടെ നിന്നും നടപടികൾ പൂർത്തിയാക്കിയാൽ നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുങ്ങും

നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയാൽ ഉടനെ വിമാന ടിക്കറ്റ് നൽകി നാട്ടിലേക്ക് അയക്കാൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. യാത്ര തിയ്യതി ക്രമീകരിച്ച് നാട്ടിലേക്ക് ഈ മാസം തന്നെ മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് അഥവാ വൈറ്റ് പാസ്‌പോർട്ട് ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്. സാമൂഹ്യപ്രവർത്തകനും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂരാണ് കാര്യങ്ങൾ പിന്തുടരുന്നത്. സൗദിയിലെ സർക്കാർ ഓഫീസുകൾ പെരുന്നാൾ അവധിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇത് മോചന തിയതിയെ ബാധിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. സാധ്യമാകുന്ന വേഗത്തിൽ നടപടികൾ റിയാദിലെ നിയമസഹായ സമിതി വേഗത്തിൽ പൂർത്തിയാക്കുകയാണ്.

Post a Comment

0 Comments