നീറ്റ് പരീക്ഷാ ക്രമക്കേട്: സംസ്ഥാനവ്യാപകമായി എസ്എഫ്ഐ പ്രതിഷേധം; പലയിടത്തും സംഘർഷം

 


കോഴിക്കോട്: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലും ക്രമക്കേടിലും പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി എസ്എഫ്ഐ നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷം. 23 ലക്ഷം വിദ്യാർഥികളുടെ ഭാവി തുലാസിലാക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാരും നാഷണൽ ടെസ്റ്റിങ് ഏജൻസിയും പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സുപ്രധാന പരീക്ഷകൾ നടത്തുന്നത് സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചതിലൂടെ ഏജൻസി മാഫിയകൾക്ക് കേന്ദ്ര സർക്കാർ ഒത്താശ ചെയ്യുകയാണെന്നും എൻടിഎ പിരിച്ചുവിട്ട് പരീക്ഷാ നടത്തിപ്പിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. പരീക്ഷാ ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവെച്ചു.

കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിലേക്ക് പി.എം. ആർഷോയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പൊലീസുമായി വൻ തോതിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ താത്പര്യങ്ങൾക്ക് വിദ്യാർഥികളെ വിധേയമാക്കുകയാണെന്നും ഓരോ തവണയും പരീക്ഷാ പേപ്പർ ചോരുമ്പോൾ ക്രൂശിക്കപ്പെടുന്നത് സാധാരണക്കാരായ വിദ്യാർഥികളാണെന്നും ആർഷോ കുറ്റപ്പെടുത്തി.

കോട്ടയത്തും എറണാകുളത്തും നടന്ന പ്രതിഷേധ മാർച്ചുകളും സംഘർഷഭരിതമായിരുന്നു. കോട്ടയത്ത്ലീ പൊസിനെ വെട്ടിച്ച് പ്രവർത്തകർ പോസ്റ്റ് ഓഫീസ് കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ചു. എറണാകുളത്ത് ബിഎസ്എൻഎൽ ഓഫീസിലേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ, കഴിഞ്ഞ പത്ത് വർഷത്തെ എസ്എഫ്ഐ അല്ല ഇനി കാണാൻ പോകുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് മുന്നറിയിപ്പ് നൽകി. കൂത്തുപറമ്പ് വെടിവെപ്പിനെ ഓർമിപ്പിച്ച അദ്ദേഹം, വെടിയുണ്ടകൾക്ക് മുന്നിൽ പോലും പിന്തിരിഞ്ഞോടില്ലെന്നും തല്ലിയാൽ തിരിച്ചുതല്ലുമെന്നും പൊലീസിനോട് പറഞ്ഞു. കൊല്ലത്തെ ചില പോലീസുകാരുടെ നടപടികളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

പാലക്കാട് പൊലീസിനെതിരെ പരസ്യമായ ഭീഷണിയുമായി എസ്എഫ്ഐ രംഗത്തെത്തി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തിവീശിയ പൊലീസുകാരുടെ പേരും വിലാസവും എടുത്തുപറഞ്ഞായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിപിന്റെ പ്രസംഗം. വീട്ടിൽ കയറി ആക്രമിക്കുമെന്ന തരത്തിലുള്ള കൊലവിളി പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ ഉണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾക്കിടെയാണ് ഓഫീസ് വളപ്പിൽ പൊലീസ് ലാത്തിവീശിയത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.

Post a Comment

0 Comments