ഐപിഎൽ 2026 സീസണിലെ പഞ്ചാബിന്റെ പെർഫോമൻസിനെ രണ്ട് പകുതികളായി തിരിച്ചാൽ അത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ 'രണ്ട് മുഖങ്ങൾ' ഉള്ള ഒരു കഥയായി മാറും. കാരണം ആദ്യ പകുതിയിൽ നമ്മൾ കണ്ടത് ഐപിഎൽ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെയാണ്. ആദ്യ ഏഴ് മത്സരങ്ങളിൽ ഒരു തോൽവി പോലും നേരിടാത്ത അപരാജിത ടീം. എന്നാൽ ആദ്യ പകുതിക്ക് ശേഷമോ? കാര്യങ്ങളെല്ലാം നേർവിപരീതമാണ്. ഒരു മത്സരം പോലും വിജയിക്കാത്ത ഐപിഎല്ലിലെ ഏറ്റവും മോശം ടീമാണ് പഞ്ചാബ്. ഇന്നലെ ധരംശാലയിലെ തണുപ്പിൽ പഞ്ചാബ് ബൗളർമാരെ പഞ്ഞിക്കിട്ടത് ഏറ്റവും മോശം ഫോമിലുള്ള മുംബൈ ഇന്ത്യൻസാണ്. എതിർ ടീമിന് 18 പന്തിൽ വിജയിക്കാൻ 50 റൺസ് വേണ്ട ഒരു മത്സരമാണ് പഞ്ചാബ് അവർക്ക് അടിയറവ് വെച്ചത്. ഈ സീസണിൽ ഏറ്റവുമധികം 200 റൺസ് വഴങ്ങിയ ടീം പഞ്ചാബ് കിങ്സാണ്.
നേരത്തെ ഈ സീസണിൽ ആർസിബി പഞ്ചാബ് മത്സരമാണ് എല്ലാവരും കാത്തിരുന്നത്. ഏറ്റവും മികച്ച ടീമിനെ അന്നറിയാം എന്നായിരുന്നു അന്ന് എല്ലാവരുടെയും വിലയിരുത്തൽ. പക്ഷേ മെയ് 17ന് നടക്കുന്ന പഞ്ചാബ് ആർസിബി മത്സരം പഞ്ചാബിന് കരുത്ത് തെളിയിക്കാനുള്ള മത്സരമല്ല ഇപ്പോൾ. അത് നിലനിൽപ്പിനായുള്ള പോരാട്ടം മാത്രമാണ്.
13 പോയന്റുമായി പഞ്ചാബ് നാലാംസ്ഥാനത്ത് തന്നെ ഇപ്പാഴുമുണ്ട്. പക്ഷേ ഒരു പോയന്റ് വ്യത്യാസത്തിലുള്ള ഒരു ഞാണിൻമേൽ ഇരിപ്പാണത്. ഒരു മത്സരം കുറച്ചു കളിച്ച ചെന്നൈയും രാജസ്ഥാനും ഇപ്പോൾ ഉള്ളിൽ ചിരിക്കുന്നുണ്ട്. കാരണം പഞ്ചാബിന്റെ ഈ പതനം അവരുടെ േപ്ല ഓഫ് സാധ്യതകൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു. പഞ്ചാബിന്റെ സാധ്യതകൾ അവസാനിച്ചിട്ടില്ല. ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാൽ മാത്രമാണുറപ്പ്. ഒന്ന് വിജയിച്ചാൽ കയറാൻ അത്ഭുതങ്ങൾ വേണ്ടി വരും. കൊള്ളാവുന്ന ബാറ്റിങ് ലൈനപ്പുണ്ടായിട്ടും എന്തുകൊണ്ട് പഞ്ചാബ് തോൽക്കുന്നു എന്നതിന്റെ കാരണം തേടി അധികം പോകേണ്ട. പഞ്ചാബ് ബൗളർമാരുടെ എക്കോണമി മാത്രം ഒന്ന് നോക്കിയാൽ മതി. പ്രീമിയം പേസർ അർഷ്ദീപിന്റേത് 9.70. മാർക്കോ യാൻസന്റേത് 10.38. സേവ്യർ ബാർട്ട്ലെറ്റിന്റേത് 11.58. സ്പിന്നർ ചഹലിന്റേത് 9.35. തോൽവിക്ക് അധികം കാരണങ്ങൾ വേറെ തേടേണ്ടതില്ല.
സീസൺ ആദ്യ ഘട്ടത്തിൽ പഞ്ചാബ് വെറുതെ ജയിക്കുകയായിരുന്നില്ല. റെക്കോർഡുകൾ തകർക്കുകയായിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ അവർ പിന്തുടർന്ന് ജയിച്ച 265 റൺസ് ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്കോറാണ്. പഞ്ചാബിന്റെ ഓരോ താരങ്ങളിലും പ്രത്യേകം വിന്നിങ് മെന്റാലിറ്റിയും ടീം സ്പിരിറ്റും കാണാമായിരുന്നു. പെട്ടെന്നാണ് ആ സ്വപ്നയാത്ര അവസാനിച്ചത്. തുടർച്ചയായ അഞ്ച് തോൽവികൾ! അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിൻ പറഞ്ഞതുപോലെ, സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പഞ്ചാബിന് സാധിച്ചില്ല. ജയിക്കാമായിരുന്ന മത്സരങ്ങൾ പോലും അവർ കൈവിട്ടു. വിക്കറ്റുകൾ വലിച്ചെറിയുന്ന ബാറ്റർമാരും വലിയ സ്കോറുകൾ പ്രതിരോധിക്കാനാകാത്ത ബൗളർമാരും പഞ്ചാബിന്റെ മുഖമുദ്രയായി മാറി. കണക്കുകൾ പരിശോധിച്ചാൽ പഞ്ചാബിന്റെ ബൗളിംഗ് ഈ സീസണിലെ തന്നെ ഏറ്റവും മോശമായിരുന്നു. 10.77 എന്ന ഉയർന്ന ഇക്കോണമി റേറ്റുമായി അവർ റൺസ് വാരിക്കോരി നൽകി.
മറ്റൊന്ന് ഫീൽഡിങ് തന്നെ. ഫീൽഡിംഗിലായിരുന്നു പഞ്ചാബ് ഏറ്റവും വലിയ നാണക്കേട് നേരിട്ടത്. ചെന്നൈക്കെതിരായ ഒരു മത്സരത്തിൽ മാത്രം അവർ 8 ക്യാച്ചുകളാണ് നിലത്തിട്ടത്! ഇർഫാൻ പത്താനെപ്പോലുള്ള മുൻ താരങ്ങൾ ഇതിനെ പരിഹസിച്ചു. ശശാങ്ക് സിംഗ് തന്നെയാണ് ഇക്കാര്യത്തിലെ പ്രധാന പ്രതി.
ആദ്യഘട്ടത്തിൽ പഞ്ചാബിന്റെ കുതിച്ചുപോക്കിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ അവരുടെ ടോപ്പ് ഓർഡർ തന്നെയായിരുന്നു. പ്രഭ് സിംറാൻ സിങ്-പ്രിയാൻഷ് ആര്യ കൂട്ടുകെട്ട് നൽകുന്ന മിന്നും അടിത്തറക്കാപ്പം കൂപ്പർ കണോലിയുടെ നങ്കൂരമിടലും ശ്രേയസ് അയ്യരുടെ കരുത്തും ചേർന്നതോടെ പഞ്ചാബ് ബാറ്റിങ് കരുത്തരായി തോന്നപ്പെട്ടു. പക്ഷേ അന്ന് മിഡിൽ ഓർഡർ കാര്യമായി പരീക്ഷിക്കപ്പെട്ടിരുന്നില്ല. ലോവർ ഓർഡറിന് പല മത്സരങ്ങളിലും ഇറങ്ങേണ്ടതായി വന്നില്ല. 11 മത്സരങ്ങൾ കളിച്ച മാർക്കസ് സ്റ്റോയ്നിസിന് 179 റൺസ് മാത്രമാണ് സംഭാവന നൽകാനായത്. മറ്റൊരു ഓൾറൗണ്ടറായ മാർക്കോ യാൻസനോ? എടുത്തത് വെറും 51 റൺസ് മാത്രം. പോയ സീസണുകളിലെ സർപ്രൈസ് എൻട്രിയായ ശശാങ്ക് സിങ് ഇക്കുറി 19 റൺസിന് അപ്പുറം എടുത്തിട്ടില്ല. 8 മത്സരങ്ങളിൽ നിന്നും 65 റൺസെടുത്ത നേഹൽ വധേരയുടെ ഉയർന്ന സ്കോർ 25 ആണ്.
സത്യത്തിൽ പഞ്ചാബ് വിജയിച്ചിരുന്ന ആദ്യ മത്സരങ്ങളിലും അവരുടെ ബൗളിങ് ലൈനപ്പ് വീക്ക് തന്നെയായിരുന്നു. പക്ഷേ ബാറ്റിങ്ങിന്റെ കരുത്തിൽ അത് അറിയാതെ പോയി. വിജയിക്കുന്ന മത്സരങ്ങളിലും ഫീൽഡിങ് മിസ്റ്റേക്കുകൾ ഉണ്ടായിരുന്നു. അർഷ്ദീപ് സിങ്, മാർക്കോ യാൻസൻ, ചഹൽ എന്നിവരെല്ലാം ടി 20യിൽ എക്സ്പീരിയൻസ്ഡ് ആണെങ്കിലും അതിന്റെ ഗുണം പഞ്ചാബിന് കിട്ടിയിട്ടില്ല. ഇടക്ക് ലോക്കി ഫെർഗൂസണെ ഇറക്കിയെങ്കിലും നന്നായി തല്ലുവാങ്ങിയതോടെ രണ്ട് മത്സരങ്ങൾക്ക് ശേഷം പിൻവലിച്ചു. ഓൾറൗണ്ടറെന്ന ലേബലുള്ള സ്റ്റോയ്നിസ് ഇക്കുറി കാര്യമായി പന്തെടുത്തിട്ടില്ല. 11മത്സരങ്ങളിൽ നിന്നും എറിഞ്ഞത് 47 പന്തുകൾ മാത്രം. അതിൽ നിന്നും 98 റൺസ് വഴങ്ങുകയും ചെയ്തു.
ഇന്ത്യൻ ടീമിലേക്കും ക്യാപ്റ്റൻസിയിലേക്കുമുള്ള ശ്രേയസിന്റെ എൻട്രി കൂടിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇനിയൊരു കബാക്കിനുള്ള ബാല്യം പഞ്ചാബിനുണ്ടാകുമോ?

0 Comments