പാല്‍വില കൂട്ടി അമൂലും മദര്‍ഡയറിയും

 



അഹമ്മദാബാദ്: പാല്‍വിലയില്‍ വര്‍ധന വരുത്തി അമൂല്‍. ലിറ്ററിന് രണ്ട് രൂപയുടെ വര്‍ധനവാണ് പാല്‍വിലയില്‍ വരുത്തിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് ഉല്‍പാദന ചെലവ് വര്‍ധിച്ചതിനാലാണ് പാല്‍വില ഉയര്‍ത്തുന്നതെന്ന് അമൂല്‍ വിശദീകരിച്ചിട്ടുണ്ട്. അര ലിറ്ററിന് ഒരു രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ അമൂല്‍ ഗോള്‍ഡ് പാലിന്റെ വില 36 രൂപയായി ഉയരും

അമൂല്‍ സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ്, സ്ലിം&ട്രിം, ടി-സ്‌പെഷ്യല്‍, താസ, എന്നിവക്കെല്ലാം വില വര്‍ധിപ്പിച്ചിട്ടുണ്ട്. കാലിത്തീറ്റക്കും പാല്‍ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ക്കും വില ഉയര്‍ന്നതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് അമൂലിന്റെ നിര്‍മാതാക്കള്‍ വിശദീകരിച്ചു.


മറ്റൊരു പാല്‍ നിര്‍മാതാക്കളായ മദര്‍ ഡയറിയും പാലിന് വിലകൂട്ടിയിട്ടുണ്ട്. ലിറ്ററിന് രണ്ട് രൂപയാണ് മദര്‍ ഡയറി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ മദര്‍ ഡയറിയുടെ ഒരു ലിറ്റര്‍ പാലിന്റെ വില 58 രൂപയാക്കി ഉയര്‍ന്നു. നേരത്തെ മില്‍മയും പാല്‍വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് മില്‍മ ഡയറക്ടര്‍ബോര്‍ഡ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചശേഷം ഔദ്യോഗികമായി പാല്‍വില വര്‍ധനവ് നടപ്പിലാക്കാനാണ് മില്‍മയുടെ തീരുമാനം. കാലത്തീറ്റ വിലയിലുണ്ടായ വര്‍ധനവും മറ്റ് ചിലവുകളും പരിഗണിച്ച് പാല്‍വില കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. ഇത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

Post a Comment

0 Comments