എറണാകുളം: എറണാകുളം കിഴക്കമ്പലത്തിനടുത്തുള്ള മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടികൾക്ക് ഹൈക്കോടതി ജൂൺ 16 വരെ സമയം നീട്ടിനൽകി. ജൂൺ ഒമ്പതിനകം കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന തീരുമാനം. ജൂൺ 16 വരെ യാതൊരു കാരണവശാലും പ്രദേശത്ത് ബലപ്രയോഗം നടത്താനോ കുടിയൊഴിപ്പിക്കാനോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഒഴിപ്പിക്കലിനായി ഹൈക്കോടതി മുമ്പ് അനുവദിച്ചിരുന്ന സാവകാശം അവസാനിക്കുന്ന സാഹചര്യത്തിലാണ്, ജൂൺ ഒമ്പതിനകം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശിച്ചത്. കുടിയൊഴിപ്പിക്കലിനായി അഭിഭാഷക കമ്മീഷൻ വീണ്ടും സ്ഥലത്തെത്താനിരിക്കെയാണ് അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന അപേക്ഷയോടെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ പ്രദേശവാസികളുമായി സമവായ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പെട്ടെന്നുള്ള കുടിയൊഴിപ്പിക്കൽ ഒഴിവാക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
19 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെട്ട 2.65 ഏക്കറിലാണ് ഉന്നതി കോളനിയിലെ ഏഴ് ദലിത് കുടുംബങ്ങൾ ആറ് പതിറ്റാണ്ടിലേറെയായി താമസിച്ചുവരുന്നത്. എന്നാൽ ഈ ഭൂമി തന്റേതാണെന്ന് അവകാശപ്പെട്ട് പ്രദേശവാസിയായ ഒരു വ്യക്തി നൽകിയ കേസിൽ അനുകൂല വിധി ലഭിക്കുകയും, സുപ്രിംകോടതി വരെ അത് ശരിവെക്കുകയും ചെയ്തിരുന്നു. ഈ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മുൻസിഫ് കോടതി വഴി കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. എന്നാൽ പുറമ്പോക്ക് ഭൂമി കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി വീണ്ടും സർവേ നടത്തണമെന്നാണ് താമസക്കാരുടെ പ്രധാന ആവശ്യം.
നേരത്തെ 15 തവണ അഭിഭാഷക കമ്മീഷൻ കുടിയൊഴിപ്പിക്കലിനായി എത്തിയെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നിരുന്നു. രണ്ടാഴ്ച മുമ്പ് നടന്ന ഒഴിപ്പിക്കൽ ശ്രമം വലിയ സംഘർഷത്തിൽ കലാശിച്ചതോടെയാണ് സർക്കാർ നേരിട്ട് വിഷയത്തിൽ ഇടപെട്ടത്. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പകരം ഭൂമിയും വീടും നൽകി പുനരധിവസിപ്പിക്കാനുള്ള നിർദേശങ്ങൾ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ പരിഗണിക്കുന്നുണ്ട്. എങ്കിലും നിലവിലെ ഭൂമി വിട്ടുപോകില്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബങ്ങൾ. ഹൈക്കോടതി വിധിയിലൂടെ ലഭിച്ച ഈ രണ്ടാഴ്ചത്തെ സാവകാശം, പ്രതിസന്ധി പരിഹരിക്കാനുള്ള സർക്കാരിന്റെ തുടർ ശ്രമങ്ങൾക്ക് വലിയ സഹായകമാകും.

0 Comments