ഡാമുകളിൽ 21.25 ശതമാനം വെള്ളം മാത്രം; മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് കെഎസ്ഇബി

 



തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഡാമുകളിൽ 21.25 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേസമയം 47.22 ശതമാനം വെള്ളമുണ്ടായിരുന്നു. മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കെഎസ്ഇബി നൽകുന്ന മുന്നറിയിപ്പ്.

ഈ മാസം പ്രതീക്ഷിച്ചിരുന്ന മഴ സംസ്ഥാനത്ത് ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെയുള്ള കരാറുകൾ പ്രകാരം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ വൈദ്യുതി ജൂണിൽ തിരിച്ചുകൊടുക്കണം. അതുകൊണ്ട് തന്നെ നിലവിൽ ഡാമുകളിലുള്ള വെള്ളംകൊണ്ട് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്തേക്ക് കൊടുക്കേണ്ട സാഹചര്യമാണുള്ളത്.

ജൂൺ 30ന് ശേഷവും മഴ കുറഞ്ഞാൽ വലിയ പ്രതിസന്ധിയാണ് വരാനിരിക്കുന്നത്. ഇന്നലെ രാത്രി 9.30 മുതൽ 10 മണി വരെ 130 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായിരുന്നു. 10 മണി മുതൽ 11 മണി വരെ 430 മെഗാവാട്ടിന്റെയും 11 മണി മുതൽ 12 മണി വരെ 400 മെഗാവാട്ടിന്റെയും 12 മണി മുതൽ ഒരുമണി വരെ 230 മെഗാവാട്ടിന്റെയും കുറവുണ്ടായിരുന്നു.

മഴ പെയ്യാത്ത സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം ഉയരാനാണ് സാധ്യത. മഴ വൈകുകയാണെങ്കിൽ അടുത്ത മാസവും വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment

0 Comments