'തൊരപ്പന്‍ പണിയെടുക്കുന്നവരെ കസേരയില്‍ ഇരുത്തില്ല'; ഡിഎച്ച്എസിന്റെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത നടപടിയില്‍ ആരോഗ്യമന്ത്രി

 



തിരുവനന്തപുരം: ഡിഎച്ച്എസിന്റെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത നടപടി ഭരണപരമായ കാര്യങ്ങളെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്‍. ഒരു കോടതി ശിക്ഷിച്ചാല്‍ അടുത്ത കോടതിയിലേക്ക് അപ്പീല്‍ പോകാറില്ലേയെന്നും മുകളിൽ കോടതികള്‍ ഉണ്ടല്ലോയെന്നും മന്ത്രി ചോദിച്ചു.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ റീനയെ സ്ഥലംമാറ്റിയ നടപടി തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്. നിലവില്‍ ഈ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

'സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പോലും കെ.മുരളീധരന്‍ മന്ത്രിസ്ഥാനത്ത് ഇരിക്കുമ്പോള്‍ അവിടെ ഉണ്ടാവില്ല. തൊരപ്പന്‍ പണി നടത്തുന്നവര്‍ ഈ കസേരയില്‍ ഇരിക്കില്ല,' എന്നും മന്ത്രി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരെയും സ്ഥലംമാറ്റിയിരുന്നു. എന്നാല്‍ ഈ മാസമാദ്യം പ്രസ്തുത നടപടിയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മരവിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഡിഎച്ച്എസിനെ മാറ്റിയതിലും സര്‍ക്കാര്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.

അതേസമയം നഴ്സുമാരുടെ സമരത്തിലും മന്ത്രി വിശദീകരണം നല്‍കി. മാനേജ്‌മെന്റുകള്‍ക്ക് മുന്നില്‍ പല നിര്‍ദേശങ്ങളും വെച്ചിട്ടുണ്ട്. പ്രശ്‌നത്തില്‍ ഒരാഴ്ചക്കകം പരിഹാരം കാണും. സ്വകാര്യ ആശുപത്രികളിലെ ഇഡി പരിശോധന സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കിട്ടിയാല്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments