മഴക്കാലം കുട്ടികളുടെ ആഘോഷത്തിന്റെ കാലമാണ്. എന്നാൽ മാതാപിതാക്കൾ ഏറ്റവും കൂടുതൽ ജാഗ്രത പാലിക്കേണ്ടതും ഈ സമയത്താണ്. മഴക്കാലത്തിനൊപ്പം കുട്ടികളെ കാത്തിരിക്കുന്നത് വിവിധ മഴക്കാല രോഗങ്ങൾകൂടിയാണ്.
എന്തുകൊണ്ടാണ് കുട്ടികളിൽ മഴക്കാല രോഗങ്ങൾ കൂടുന്നത് ?
അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതും പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് കൊണ്ടും വൈറസുകളും ബാക്ടീരിയകളും കൊതുകുകളും മഴക്കാലത്ത് കൂടുതൽ വളരും. കുട്ടികളുടെ രോഗപ്രതിരോധ ശേഷി പൂർണമായി വളർച്ചയെത്തിയിട്ടില്ലാത്തതിനാൽ രോഗാണുക്കൾ പെട്ടന്ന് പിടിപെടാൻ മഴക്കാലം കാരണമാകും.
അഞ്ച് മഴക്കാല രോഗങ്ങൾ
1. ജലദോഷം, ഇൻഫ്ലുവൻസ തുടങ്ങിയ ശ്വാസകോശ അണുബാധകൾ
2. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ഉണ്ടാകുന്ന വയറിളക്കവും ടൈഫോയിഡും
3. കൊതുക് പരത്തുന്ന ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും
4. നനഞ്ഞ വസ്ത്രങ്ങൾ കാരണം ഉണ്ടാകുന്ന ഫംഗൽ ചർമ്മ രോഗങ്ങൾ
5. കുട്ടികളിൽ വേഗത്തിൽ പടരുന്ന ചെങ്കണ്ണ്
മഴക്കാലത്ത് പീഡിയാട്രിക് ക്ലിനിക്കുകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഈ അഞ്ച് രോഗങ്ങളാണ്.
പ്രതിരോധം ഇങ്ങനെ
1. ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകൽ ശീലമാക്കുക. ഇതിലൂടെ വയറിളക്കവും ശ്വാസകോശ രോഗങ്ങളും പകുതിയോളം കുറയ്ക്കാൻ സാധിക്കും.
2. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നൽകുക.
3. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം നൽകാൻ ശ്രദ്ധിക്കുക.
4. കൊതുകുകളെ അകറ്റുക. ഇതിനായി കുട്ടികളെ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിപ്പിക്കുക.
5. മഴ നനഞ്ഞു വന്നാൽ കുട്ടികളുടെ വസ്ത്രവും ചെരുപ്പും ഉടൻ മാറ്റുക. നനഞ്ഞ കാൽവിരലുകളുടെ ഇട നന്നായി തുടച്ചുണക്കുക, ഇത് ഫംഗസ് അണുബാധ തടയാൻ സഹായിക്കും.
രോഗപ്രതിരോധശേഷി കൂട്ടാൻ ഈ ഭക്ഷണങ്ങൾ നൽകാം
വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക, പേരയ്ക്ക, ഓറഞ്ച് എന്നിവയും പ്രോട്ടീൻ അടങ്ങിയ മുട്ട, പാൽ, പരിപ്പ് വർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ചെറിയ കുട്ടികൾക്കാണെങ്കിൽ മുലപ്പാൽ നൽകുന്നത് തുടരുക, ഇത് രോഗങ്ങൾക്കെതിരെയുള്ള മികച്ച പ്രതിരോധമാണ്.
ഡോക്ടറുടെ സഹായം തേടേണ്ടത് എപ്പോൾ ?
2-3 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന കടുത്ത പനി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ വിട്ടുമാറാത്ത ഛർദ്ദി, കടുത്ത വയറിളക്കം, മൂത്രത്തിന്റെ അളവ് കുറയുക, അമിതമായ ക്ഷീണം അബോധാവസ്ഥ തുടങ്ങിയവ കണ്ടാൽ ഉടൻ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ശ്രദ്ധയും ജാഗ്രതയും കൂടുതൽ വേണ്ട സമയമാണ് മഴക്കാലം. രോഗങ്ങളില്ലാതെ നമ്മുടെ മക്കൾക്ക് ഈ മഴക്കാലം സുരക്ഷിതമായി ആസ്വദിക്കാം. അതിന് കൃത്യമായ കരുതലുകൾ ആവശ്യമാണ്.
.jpg)
0 Comments