അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള; അറസ്റ്റിലായവരില്‍ നിന്ന് 79.85 ലക്ഷം രൂപ പിടിച്ചെടുത്തു




 ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയില്‍ അറസ്റ്റിലായവരില്‍ നിന്ന് പണം പിടിച്ചെടുത്ത് എസ്‌ഐടി. 79.85 ലക്ഷം രൂപയാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. കേസിലെ എട്ട് പ്രതികളെയും തിങ്കളാഴ്ച വരെ റിമാന്‍ഡില്‍ വിട്ടു.

നേരത്തെ ഭണ്ഡാരക്കൊള്ള കേസില്‍ ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി രാജിവെച്ചിരുന്നു. ട്രസ്റ്റ് അംഗം അനില്‍ മിശ്രയും സ്ഥാനമൊഴിഞ്ഞിരുന്നു. വിഎച്ച്പി ഉപാധ്യക്ഷന്‍ കൂടിയായ ചമ്പത് റായിയുടെ സഹായിയെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെയാണ് രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാമശങ്കര്‍ യാദവ് എന്ന ടിന്നു യാദവ്, അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ്, രാമശങ്കര്‍ മിശ്ര, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസിലെ പ്രതികള്‍.

ക്ഷേത്രത്തിലേക്കായി ഭക്തര്‍ സമര്‍പ്പിക്കുന്ന പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്ന ചുമതലയുണ്ടായിരുന്ന ജീവനക്കാരാണ് ഇവര്‍.

ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) വിശ്വാസവഞ്ചന, മോഷണം, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

കുറ്റവാളികളെ വെറുതെ വിടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ചില രാഷ്ട്രീയപാര്‍ട്ടികള്‍ രാമക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും യോഗി ആരോപിച്ചു.

ആം ആദ്മി പാര്‍ട്ടിയെയും സമാജ്‌വാദി പാര്‍ട്ടിയെയും ലക്ഷ്യമിട്ടായിരുന്നു യോഗിയുടെ പ്രതികരണം. ആരോപണങ്ങളൊന്നും ഇല്ലാതെ വന്നതോടെ അവര്‍ ജനങ്ങളുടെ വിശ്വാസത്തെ ആയുധമാക്കിയെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments