തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വി.ഡി സതീശൻ നടത്തിയ പരാമർശം പിൻവലിക്കണമെന്ന കടകംപള്ളി സുരേന്ദ്രന്‍റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം സബ് കോടതിയാണ് ഹരജി തള്ളിയത്. സ്വർണക്കൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്‍റെ പരാമർശം.
സതീശന്‍റെ പരാമർശം തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും സമാനമായ പ്രസ്താവനകൾ ആവർത്തിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് സതീശനെതിരെ മുൻ ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ പരാതി നൽകിയത്. രണ്ട് കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിപ്പെട്ടിരുന്നത്.
എന്നാൽ, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളോടനുബന്ധിച്ചുള്ള രാഷ്ട്രീയപരമായ പ്രസ്താവന മാത്രമാണ് സതീശൻ നടത്തിയതെന്നും കേസ് നിലനിൽക്കുകയില്ലെന്നും സതീശന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. പിന്നാലെയാണ് തിരുവനന്തപുരം സബ് കോടതിയുടെ നടപടി. അതേസമയം, വിഷയത്തിൽ നിയമപോരാട്ടം തുടരുമെന്നും മേൽക്കോടതികളെ സമീപിപ്പിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.

0 Comments