യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് പരാതി; കോൺഗ്രസ് നേതാവിനെതിരെ കേസ്

 



താമരശ്ശേരി: യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി അംഗം എ. അരവിന്ദനെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. താമരശ്ശേരി പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥാപനം നടത്തുന്ന യുവതിയെയാണ് ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കിയത്.

അരവിന്ദൻ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കാലയളവിൽ അനുമതി നൽകി പ്രവർത്തനം ആരംഭിച്ച യുവതിയുടെ സ്ഥാപനത്തിന്‍റെ പ്രവർത്തന കാലാവധി അടുത്ത മാസം 14ന് അവസാനിക്കാനിരിക്കെ, കാലാവധി നീട്ടിക്കിട്ടാനായി പഞ്ചായത്തിൽ ശിപാർശ ചെയ്യണമെന്ന് ഇവർ അരവിന്ദനോട് ഫോണിൽ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി തന്‍റെ വീട്ടിൽ ആളില്ലാത്ത സമയത്ത് വീട്ടിലേക്ക് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു അരവിന്ദൻ. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വീട്ടിലെത്തിയപാടെ ഇയാൾ യുവതിയെ അകത്തേക്ക് കൈപിടിച്ച് കയറ്റുകയും ധരിച്ചിരുന്ന ബനിയൻ അഴിച്ചുമാറ്റി കയറിപ്പിടിക്കുകയും ചെയ്തെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഇയാളുടെ അതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും പരാതിയിലുണ്ട്.

തുടർന്ന് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി ഇയാൾക്കെതിരെ യുവതി പരാതി നൽകുകയായിരുന്നു. ലൈംഗികാതിക്രമം, മാനഭംഗശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായും, പലതവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായും അരവിന്ദൻ സ്ഥാനമലങ്കരിച്ചിട്ടുണ്ട്. എ.കെ.ജിക്കെതിരെ അരവിന്ദൻ മുൻപ് നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു.

Post a Comment

0 Comments