ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മൂന്ന് സ്ഥാനാർഥികൾക്കും വിജയം. കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതോടെയാണ് ബിജെപിയുടെ മൂന്നാമത്തെ സ്ഥാനാർഥിയും വിജയിച്ചത്. രജനീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവാട്ട് എന്നിവരെയാണ് വിജയികളായി പ്രഖ്യാപിച്ചത്. മൂന്നു പേർക്കും വിജയികൾക്കുള്ള സർട്ടിഫിക്കറ്റും കൈമാറിയിട്ടുണ്ട്.
മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടിക്കെതിരെ കോൺഗ്രസ് സുപ്രിം കോടതിയെ സമീപിച്ചിരുന്നു. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വി സുപ്രീം കോടതിയിൽ കോൺഗ്രസിനായി അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടിരുന്നു. പത്രിക പിൻവലിക്കാനുള്ള സമയം വൈകുന്നേരം 3 മണിക്ക് അവസാനിക്കുന്നതിനാൽ കോടതി അടിയന്തിരമായി ഇടപെടണമെന്നും അതുവരെ ഫലം പ്രഖ്യാപിക്കുന്നത് തടയണമെന്നും സിങ്‌വി ആവശ്യപ്പെട്ടു.
എന്നാൽ, ഹർജിയുടെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും മറുപടി നൽകാൻ സമയം വേണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. തുടർന്ന് ഇത്തരം വിഷയങ്ങളിൽ മുൻപ് തന്നെ നിയമം വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ചൂണ്ടിക്കാണിച്ച സുപ്രിം കോടതി, കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
മധ്യപ്രദേശിൽ നിന്ന് മീനാക്ഷി നടരാജനെ രാജ്യസഭയിലെത്തിക്കാൻ ആവശ്യമായ എംഎൽഎമാരുടെ ഭൂരിപക്ഷം കോൺഗ്രസിനുണ്ടായിരുന്നു. എന്നാൽ, എന്നാൽ ജൂൺ 9-ന് നടന്ന സൂക്ഷ്മപരിശോധനയ്ക്കിടെ ഇവരുടെ പത്രിക തള്ളപ്പെട്ടു. തെലങ്കാനയിലെ ഒരു കേസ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്ന് കാണിച്ച് ബിജെപി സ്ഥാനാർത്ഥി മഹേഷ് കേവത് നൽകിയ പരാതിയിലാണ് വരണാധികാരി പത്രിക നിരസിച്ചത്.

0 Comments