വേഷംമാറിയെത്തി വനിതാ ഡിസിപി; വലയിലായത് സെക്‌സ് റാക്കറ്റ്, പബ്ബിന് പിടിവീണു

 



ഹൈദരാബാദ്: പബ്ബ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സെക്‌സ് റാക്കറ്റിനെ വേഷം മാറിയെത്തി വലയിലാക്കി വനിതാ ഡിസിപി. സൈബരാബാദിലെ കുകട്ള്ളി ഡിസിപി റിതിരാജ് ഐപിഎസാണ് നിയമലംഘനം കൈയോടെ പിടികൂടിയത്. ക്ലബ് മസ്തി എന്നറിയപ്പെടുന്ന 'കിങ്‌സ് ആൻഡ് ക്യൂൻസ്' പബ്ബിൽ അർധരാത്രിയിൽ നടത്തിയ റെയ്ഡിൽ, ജീവനക്കാരായ നാല് സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച പുലർച്ചെ രഹസ്യ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു രാത്രയുള്ള മിന്നൽ റെയ്ഡ്. വേഷംമാറിയെത്തി ഡിസിപി വിവരങ്ങൾ ശേഖരിച്ച ശേഷം കാര്യങ്ങൾ ബോധ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. പബ്ബിനുള്ളിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു


പബ്ലിനുള്ളില്‍ സ്ത്രീകൾക്കെതിരെ ചൂഷണം നടന്നിരുന്നതായും പ്രായപൂർത്തിയാകാത്തവർക്ക് പബ്ബിൽ പ്രവേശനം അനുവദിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇവർക്ക് മദ്യവും വിളമ്പുകയും പുരുഷന്മാരായ ഉപഭോക്താക്കളെ ആകർഷിക്കാനായി സ്ത്രീകളെ നിയോഗിക്കുകയും ചെയ്തു. അടുപ്പംസ്ഥാപിക്കുന്ന പുരുഷന്മാർക്ക് ഭീമമായ ബിൽ നൽകുന്നതും ഇതുവഴി പണം തട്ടിയെടുക്കുന്നതും പതിവാണെന്നും പോലീസ് പറഞ്ഞു.


അനുവദിച്ച സമയ പരിധി കഴിഞ്ഞും പബ്ബ് പ്രവർത്തിച്ചിരുന്നതായും, നിയമങ്ങൾ ലംഘിച്ച് ഭക്ഷണവും മദ്യവും വിളമ്പിയിരുന്നതായും, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നും ആരോപണമുണ്ട്. 2025ൽ ഈ പബ്ബിനെതിരെ ഒന്നിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. നടപടികൾ സ്വീകരിച്ചിട്ടും, നിയമലംഘനങ്ങൾ തുടരുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

പട്നയിലെ ഡൽഹി പബ്ലിക് സ്കൂളിലെ (2010) പൂർവ്വ വിദ്യാർഥിനിയായ റിതി രാജ്, പ്രശസ്തമായ ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്നും 2016ലാണ് ബിരുദം നേടിയത്. സിവിൽ സർവീസ് പരീക്ഷ വിജയിച്ച് 2018ലാണ് ഇന്ത്യൻ പൊലീസ് സർവീസിൽ (IPS) ചേരുന്നത്.

Post a Comment

0 Comments