ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിതരണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗത്തില്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനമായി. ജൂലൈ ഒന്ന് മുതൽ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നാണ് വിവരം.
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. ആത്മനിര്‍ഭരത (സ്വാശ്രയത്വം) പ്രോത്സാഹിപ്പിക്കുമെന്നും സർക്കാരിന്റെ പദ്ധതികള്‍ ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഭാവി തന്ത്രങ്ങളുടെ രൂപരേഖയും യോഗത്തില്‍ തയ്യാറാക്കി. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനക്കുറവ് ഉണ്ടാകരുതെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
നാല് മണിക്കൂര്‍ നീണ്ടുനിന്ന ഉന്നതതല യോഗത്തില്‍ കേന്ദ്ര മന്ത്രാലയങ്ങളിലെ മുഴുവന്‍ സെക്രട്ടറിമാരും പങ്കെടുത്തിരുന്നു. 36 കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.
ഇറാനിലെ യുഎസ് ആക്രമണങ്ങളെ തുടര്‍ന്നാണ് ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വിതരണം നിയന്ത്രിക്കപ്പെട്ടത്. ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞയാഴ്ച വാണിജ്യ എല്‍പിജി വിതരണം കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരുന്നു. ഇതുസംബന്ധിച്ച് എണ്ണകമ്പനികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.
എല്‍പിജി സിലിണ്ടറുകളുടെ വിതരണം പൂര്‍ണമായും പുനഃസ്ഥാപിക്കണം എന്നായിരുന്നു എണ്ണക്കമ്പനികള്‍ക്ക് ലഭിച്ച നിര്‍ദേശം. യുദ്ധത്തിന് മുമ്പുള്ള സാഹചര്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

0 Comments