'മതസ്ഥാപനത്തിന്‍റെ പണം അവര്‍ക്കുള്ളതാണ്, അവിടെ വരുന്ന ഭക്തര്‍ക്കുള്ളതാണ്'; ചലച്ചിത്ര മേഖലക്ക് സംഭാവന ചെയ്യേണ്ടതല്ലെന്ന് അൻസിബ

 



കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ക്ഷേത്ര സ്പോൺസര്‍ഷിപ്പ് വിവാദത്തിൽ പ്രതികരണവുമായി നടി അൻസിബ ഹസൻ. മതസ്ഥാപനത്തിൽ നിന്ന് ടൈറ്റിൽ സ്‌പോൺസർഷിപ്പ് സ്വീകരിക്കരുത് എന്ന് പറഞ്ഞതിന് കാരണം ആ മതസ്ഥാപനത്തിന്‍റെ പണം ആ മതസ്ഥാപനത്തിനുള്ളതാണ്, അവിടെ വരുന്ന ഭക്തർക്കുള്ളതാണ്. അത് ഏത് മതസ്ഥാപനമായിക്കൊള്ളട്ടെ. അത് ചലച്ചിത്ര മേഖലയ്ക്ക് സംഭാവന ചെയ്യേണ്ട പണമല്ല എന്നത് കൊണ്ടാണെന്ന് നടി വ്യക്തമാക്കി.

മുസ്‍ലിമായതുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് കേൾക്കുമ്പോൾ വേദനിപ്പിക്കുന്നുവെന്നും അൻസിബ പറഞ്ഞു. ''ഞാനൊരു ഇന്ത്യൻ പൗരയാണ്. പാകിസ്താനിലേക്ക് പോ എന്നൊക്കെയുള്ള കമന്‍റുകൾ കാണാറുണ്ട്. ചിലതൊക്കെ ഞാൻ അവഗണിക്കാറാണ് പതിവ്. ചിലപ്പോൾ എന്നോട് എന്തിനാണ് ഇത് പറയുന്നതെന്ന് വിചാരിക്കും. അത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യയിൽ ജനിച്ചുവളര്‍ന്ന എല്ലാവരും ഇന്ത്യക്കാരാണ്. ഒരാളോട് മാത്രം ആ ഒരു ചോദ്യം ചോദിക്കുന്നത് ഒരാളെ മാത്രം പിക്ക് ചെയ്ത് അപ്പുറത്ത് ഇട്ടതുപോലെ തോന്നും. നമ്മൾ അങ്ങനെയൊന്നും ചിന്തിക്കാതെ ജീവിക്കുന്ന സ്ഥലമാണ് കേരളം. അത് ഇനി ഒരാൾക്ക് ഉണ്ടാവരുത്'' അൻസിബ പറയുന്നു.

ഒരു അഭിനേത്രിയെ വര്‍ഗീയവാദിയാക്കാൻ ശ്രമിക്കുന്നതിലുപരി എനിക്ക് വിഷമമുണ്ടാക്കുന്ന കാര്യം നമ്മുടെ ഇന്നത്തെ സാമൂഹിക വ്യവസ്ഥ എല്ലാവര്‍ക്കുമറിയാം അപ്പോൾ പത്രം വായിക്കുന്നവരാണ് എല്ലാവരും. ഞാൻ ഇസ്‍ലാം മതവിശ്വാസിയാണ്. പക്ഷെ മതത്തിന്‍റെ എല്ലാ നിയമങ്ങളും പാലിച്ച് ജീവിക്കുന്ന ഒരാളല്ല. അങ്ങനെയുള്ള എന്നെ വര്‍ഗീയവാദിയാക്കാൻ ഇത്ര ഈസിയായിട്ട് പറ്റുമെങ്കിൽ ഇതെല്ലാം പാലിച്ച് ജീവിക്കുന്ന ഒരുപാട് പേരുണ്ട് ഇവിടെ. അങ്ങനെയുള്ളവരെ ഇങ്ങനെയാക്കില്ലേ? ഇതൊരിക്കലും തമാശയല്ല.

എന്‍റെ ഭാഗം പറയാൻ ഞാനെ ഉള്ളൂ, ആരുമില്ല ഞാൻ തന്നെ പറയണം. ഞാൻ പറഞ്ഞ് തെളിയിക്കേണ്ട അവസ്ഥയാണ്. ഒരു അഡ്വക്കേറ്റിന് കൊണ്ടുവന്ന് എനിക്ക് വേണ്ടി സംസാരിക്കാൻ പറ്റില്ല. അന്ന് സംസാരിച്ചില്ലെങ്കിൽ പിന്നെ ജീവിതത്തിലൊരിക്കലും സംസാരിക്കാൻ സാധിക്കില്ല എന്ന ഉൾബോധ്യത്തോടു കൂടിയാണ് ഞാൻ സ്റ്റേജിൽ കയറി സംസാരിച്ചത്. ഉള്ളിന്‍റെ ഉള്ളിൽ നിന്നും വന്ന വാക്കുകളായിരിക്കും അത്. അഭിമുഖത്തിൽ അമ്മയിൽ നിന്നും പോയ അതിജീവിത ഉൾപ്പെടെയുള്ളവരെ തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. അതുകഴിഞ്ഞുള്ള ആദ്യത്തെ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ചില മെമ്പേഴ്സിന് അതിനോട് താൽപര്യമില്ലെന്നാണ് പ്രസിഡന്‍റ് അന്ന് പറഞ്ഞത്. ആ ചിലര്‍ ആരാണെന്ന് പറയണ്ടേ. അല്ലെങ്കിൽ ഈ 504 പേരുടെയും നേരെയാണ് വിരൽ ചൂണ്ടുന്നത്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതാരണെന്ന് വ്യക്തമാക്കണമായിരുന്നു. അത് ആരും ചോദിച്ചിട്ടുമില്ല. ഞാനുൾപ്പെടെ ചോദിച്ചില്ല. ജനറൽ ബോഡി വരുമ്പോൾ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ചോദിക്കാൻ പറ്റിയിട്ടില്ല. എന്‍റെ വിഷയം തന്നെ പറഞ്ഞുതീര്‍ക്കാൻ എനിക്ക് അവസരം കിട്ടുന്നുണ്ടായിരുന്നില്ല. അവരെ വിളിക്കണമെന്നാണ് അടുത്ത കമ്മിറ്റിയോടുള്ള എന്‍റെ അഭ്യര്‍ഥന.അമ്മ സംഘടന വളരെ ലക്ഷൂറിസായിട്ടുള്ള സംഘടനയാണ്. ഇത്ര ആസ്തിയുള്ള ഒരു സംഘടന ഇന്ത്യൻ സിനിമയിൽ തന്നെയുണ്ടാകില്ല. പുറത്ത് ഐക്യമില്ല എന്നൊക്കെ പറഞ്ഞാലും മറ്റ് ഭാഷകളെ വച്ച് നോക്കുമ്പോൾ ഇത്രയും ഐക്യമുള്ള സംഘടന വേറെയുണ്ടാകില്ല. വളരെ ഈസിയായിട്ട് സ്മൂത്തായിട്ട് കൊണ്ടുപോകാൻ പറ്റുന്ന സംഘടനയാണ്.

സാമ്പത്തികമായി അത്ര സ്റ്റേബിളായിട്ടുള്ള ആളൊന്നുമല്ല ഞാൻ. ചിലര്‍ കളിയാക്കുന്നതു പോലെ ദൃശ്യം സ്റ്റാറ് തന്നെയാണ്. അല്ലാതെ ചില പടങ്ങൾ, ടിവി ഷോകൾ ചെയ്യുന്നുണ്ട്. അങ്ങനെ റവന്യൂ ജനറേറ്റ് ചെയ്ത് മുന്നോട്ടുപോകുന്ന ആളാണ്. എന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതാണ് എന്‍റെ പ്രശ്നം. അഭിമാനമുള്ള ആളാണ് ഞാൻ. അത് തെളിയിക്കാനുള്ള ആത്മവിശ്വാസത്തിന്‍റെ പുറത്ത് ഇറങ്ങിത്തിരിച്ചയാളാണ് ഞാൻ. ജനറൽ ബോഡി എത്തിയപ്പോഴാണ് എനിക്ക് പിന്തുണ കിട്ടിയത്. പ്രധാന താരങ്ങളിൽ ലാലേട്ടൻ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു വ്യക്തിപരമായിട്ട് ഒരു കാര്യവും പറയില്ല. കാരണം 504 പേരുടെ ഒരു സംഘടനയാണ്. ഇവിടുത്തെ ഭൂരിഭാഗം പേരുടെയും കൂടെയാണ് ഞാൻ നിൽക്കുക എന്ന്. ജനറൽ ബോഡി എന്തു പറയുന്നോ അതിന്‍റെ കൂടെ നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലാലേട്ടൻ എന്‍റെ ഭാഗത്ത് നിൽക്കുക, എനിക്ക് വേണ്ടി നിൽക്കുക അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല'' അൻസിബ അഭിമുഖത്തിൽ പറഞ്ഞു.

Post a Comment

0 Comments