ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 83.64 ഡോളറിലേക്കാണ് ഇടിഞ്ഞത്. 3.69 ശതമാനം നഷ്ടമാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വിലയിലുണ്ടായത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഇടിഞ്ഞിട്ടുണ്ട്. 4.89 ശതമാനം നഷ്ടത്തോടെ 80.73 ഡോളറിലേക്കാണ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയിടഞ്ഞത്.
ഇറാനും യുഎസും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെയാണ എണ്ണവില ഇടിഞ്ഞത് . യുദ്ധവിരാമകരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സുഗമമായി എണ്ണയെത്തും. ഇത് ഇന്ത്യന്‍ വിപണിയേയും പോസിറ്റീവായി സ്വാധീനിക്കും. പ്രതിദിനം 600 കോടിയുടെ നഷ്ടത്തില്‍ എണ്ണവില്‍ക്കുന്ന കമ്പനികള്‍ക്കും ഇത് ആശ്വാസം പകരും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ വലിയ ദുരിതം നേരിടുന്ന ജനത്തിന് ആശ്വാസമായി കമ്പനികള്‍ എണ്ണവില കുറക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കമ്പനികള്‍ വില കുറക്കാനുള്ള സാധ്യതകള്‍ വിരളമാണ്.
ലോകത്തിന് ആശ്വാസമായി പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇന്ന് പുറത്തുവന്നിരുന്നു. ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍-അമേരിക്ക സമാധാന കരാര്‍ വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്റില്‍ ഒപ്പ് വെക്കും. മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്ന തിരക്കിട്ട നീക്കത്തിന് ഒടുവിലാണ് തീരുമാനം.
ഹോര്‍മുസ് കടലിടുക്കിലെ വാഷിംഗ്ടണിന്റെ നാവിക ഉപരോധം അവസാനിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു. കരാറിനെ ലോകരാജ്യങ്ങള്‍ സ്വാഗതം ചെയ്തു. അമേരിക്കയും ഇറാനും തമ്മില്‍ ഒരു സമാധാന കരാറില്‍ എത്തിയെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.വിശാലമായ ഒരു കരാറിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പ് എന്നാണ് ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചി വിശേഷിപ്പിച്ചത്. ധാരണാപത്രം സ്ഥിരമായി നടപ്പിലാക്കപ്പെടുമെന്നും ഹോര്‍മുസ് കടലിടുക്കില്‍ സ്വതന്ത്രവും സുരക്ഷിതവുമായ നാവിഗേഷന്‍ യഥാര്‍ത്ഥത്തില്‍ ഉറപ്പാക്കപ്പെടുമെന്നും ഇറാന്റെ ആണവ വിഷയത്തിലും മറ്റ് കാര്യങ്ങളിലും ഒരു അന്തിമ കരാര്‍ എത്രയും വേഗം യാഥാര്‍ഥ്യമാകുമെന്നും തകായിച്ചി കൂട്ടിച്ചേര്‍ത്തു.
കരാറിനെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സ്വാഗതം ചെയ്തു.'ലോകം മുഴുവന്‍ വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഈ വാര്‍ത്ത, നമ്മുടെ മേഖലയില്‍ സമാധാനത്തിന്റെയും സുരക്ഷയുടെയും ശാശ്വതമായ ഒരു അന്തരീക്ഷം സ്ഥാപിക്കുന്നതിന് വഴിയൊരുക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു' എന്ന് എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചു. 'കരാര്‍ ഒപ്പിടുന്നതിന് മുമ്പുള്ള കാലയളവില്‍ പിരിമുറുക്കം കൂട്ടുന്ന വാചാടോപങ്ങള്‍, പ്രകോപനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ഒഴിവാക്കാനും സാധ്യമായ അട്ടിമറികള്‍ക്കെതിരെ ജാഗ്രത പാലിക്കാനും' തുര്‍ക്കി പ്രസിഡന്റ് എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു.

0 Comments