മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടിലിഴഞ്ഞെത്തിയ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ ആദരം. മലപ്പുറം ആർടിഒ എൻഫോഴ്സ്മെന്‍റ് വിഭാഗം ഉദ്യോഗസ്ഥരാണ് ജീവനക്കാരെ നേരിട്ടെത്തി ആദരിച്ചത്. സഫ മർവാ ബസിലെ ജീവനക്കാരായ ഡ്രൈവർ പി.രാമചന്ദ്രൻ, കണ്ടക്ടർ എം.എ നവാസ് എന്നിവർക്കാണ് ആദരം.
നേരത്തെ, ഗതാഗത വകുപ്പ് മന്ത്രിയും ഇരുവരെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. റോഡിന് നടുവിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്‍റെ വിഡിയോ വൈറലായിരുന്നു. ഇന്നലെ രാവിലെ 8.35-നാണ് സംഭവം.
കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം റോഡിൽ കിണറുപടിയിലൂടെ വന്ന ബസ് ജീവനക്കാരാണ് കുട്ടിയെ രക്ഷപ്പെടുത്തി വീട്ടുകാരെ ഏൽപ്പിച്ചത്. റോഡിന് സമീപത്തുള്ള വീട്ടിൽ നിന്ന് രക്ഷിതാക്കളുടെ ശ്രദ്ധ തെറ്റിയപ്പോഴാണ് കുഞ്ഞ് മുട്ടിലിഴഞ്ഞ് റോഡിന്‍റെ നടുവിലെത്തിയത്. കുട്ടിയെ കണ്ടപ്പോൾ തന്നെ ഡ്രൈവർ രാമചന്ദ്രൻ ബസ് നിർത്തുകയും കണ്ടക്ടറായ നവാസ് ഇറങ്ങിച്ചെന്ന് കുഞ്ഞിനെ എടുക്കുകയുമായിരുന്നു. വിഡിയോ വ്യാപകമായതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാരെ നേരിട്ടെത്തി ആദരമറിയിച്ചിരിക്കുന്നത്.

0 Comments